ബിജെപിക്കെതിരായ ആക്രമണം ശക്തമാക്കി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ വീണ്ടും രംഗത്ത്. ബിജെപിയുമായി സഖ്യത്തിലായി 25 വര്‍ഷങ്ങള്‍ ശിവസേന നശിപ്പിച്ചെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പുതിയ വിമര്‍ശനം.
ചൊവ്വാഴ്ച പുറത്തിറങ്ങിയ ശിവസേന മുഖപത്രം സാംനയില്‍ പ്രസിദ്ധീകരിച്ച താക്കറെയുടെ അഭിമുഖത്തിലാണ് കടുത്ത പരാമര്‍ശങ്ങളുള്ളത്. ഇതോടെ കാല്‍ നൂറ്റാണ്ടായി തുടരുന്ന ബിജെപി സഖ്യം ശിവസേന അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
ശിവസേന പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് ജൂണില്‍ 50 വര്‍ഷം തികഞ്ഞു. ഇതില്‍ 25 വര്‍ഷങ്ങളും തങ്ങള്‍ ബിജെപിയുമായി സഖ്യത്തിലായിരുന്നു. പരസ്പരം കൈപിടിച്ചാണ് ഈ കാലയളവില്‍ ഇരു പാര്‍ട്ടികളും വളര്‍ന്നത്. എന്നാല്‍ സഖ്യത്തിലായിരുന്ന ആ 25 വര്‍ഷങ്ങളും നഷ്ടമായിരുന്നെന്നാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നത്. അത്രയും വര്‍ഷങ്ങള്‍ നശിച്ചുപോയെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ, എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വമായിരുന്നു ബിജെപിയുമായി ഇതുവരെയുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനം. ഇനി ഈ ബന്ധത്തിന്റെ അടിസ്ഥാനമെന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നെന്നും താക്കറെ പറഞ്ഞു.
തന്റെ പാര്‍ട്ടിക്ക് ശരിയായ പരിഗണന കിട്ടുന്നില്ലെന്ന് തോന്നുന്ന നിമിഷം അധികാരം ഉപേക്ഷിക്കും. എന്നാല്‍ അത് പറഞ്‍ സര്‍ക്കാറിനെ ബ്ലാക്ക് മെയില്‍ ചെയ്യാനില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.