തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ മാർച്ച് 31-നകം വീടുകളിൽ എത്തിച്ച് നൽകുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തി ക്ഷേമപെൻഷൻ വിതരണം നടത്തണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് സഹകരണ വകുപ്പ് സർക്കുലർ പുറത്തിറക്കി.
ഹോം ക്വാറന്റയിനിൽ കഴിയുന്ന കുടുംബങ്ങൾ നിത്യോപയോഗ സാധനങ്ങൾ ഫോൺ വഴി ആവശ്യപ്പെട്ടാൽ കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ നീതി സ്റ്റോറുകൾ മുഖാന്തിരം വീടുകളിൽ എത്തിച്ചു നൽകും. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നാളെ മുതൽ ഇത്തരത്തിൽ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ലാബുകൾ അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ തുടർന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കും.
സഹകരണ ബാങ്കുകളിലെ വായ്പക്കാർക്ക് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി നിർദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാൽ മനഃപൂർവ്വം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വൻകുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളിൽ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
സഹകരണ സ്ഥാപനങ്ങൾ, പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ, അവയുടെ ശാഖകൾ എന്നിവിടങ്ങളിൽ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരാകും. ക്രമീകരണങ്ങൾ വരുത്തുമ്പോൾ ഇടപാടുകാർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് യാതൊരു വിധ തടസ്സവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളിലും ഹാൻഡ് സാനിറ്റൈസർ, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാർ കൗണ്ടറുകളിൽ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകരണം നടത്തും. ജീവനക്കാർ ആവശ്യമായ മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണം.
പൊതു ജനങ്ങൾ കൂടുതലായി പങ്കെടുക്കുന്ന എംഡിഎസ്/ ജിഡിഎസ് ലേലം, അദാലത്തുകൾ തുടങ്ങിയവ ഈ കാലയളവിൽ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസനിക്ഷേപ പിരിവുകാർ കോവിഡ്-19 നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളും മറ്റ് സ്ഥാപനങ്ങളും സന്ദർശിച്ചുള്ള കളക്ഷൻ ഉണ്ടാവില്ല. ഓരോ ജില്ലകളിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കലക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ആവശ്യമായ അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.