പട്ടിക വര്‍ഗ വികസനത്തില്‍ മുന്നേറ്റവുമായ് വെസ്റ്റ് എളേരി

106

കാസറഗോഡ്: പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവര്‍ത്തനങ്ങളാണ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ നടക്കുന്നത്. മലയോര പഞ്ചായത്തായ വെസ്റ്റ് എളേരിയില്‍ 70 ഓളം കോളനികളിലായി 1304 പട്ടിക വര്‍ഗ കുടുംബങ്ങളാണുള്ളത്. കോളനികളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.

പട്ടിക വര്‍ഗ വിഭാഗത്തിലെ 160 കൂടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ചത്. കോളനികളിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിനും പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നല്കുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ 21 ലക്ഷം രൂപയാണ് പൂങ്ങോട് കോളനിയിലെ റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. കമ്മ്യൂണിറ്റി ഹാളുകളുടെ നവീകരണം, വൈദ്യുത കണക്ഷന്‍,ലൈബ്രറി തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

കുടിവെള്ള പദ്ധതികള്‍

പട്ടിക വര്‍ഗമേഖലയിലെ വികസനത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്തിനെ വേറിട്ട നിര്‍ത്തുന്നതാണ് പട്ടിക വര്‍ഗ കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍്. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം കോളനികളിലും കുടിവെള്ള പദ്ധതികളുണ്ട്. അതിരുമാവ് കുടിവെള്ള പദ്ധതി ഇതില്‍ ശ്രദ്ധേയമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് അതിരുമാവ് കുടിവെള്ള പദ്ധതി .

പഞ്ചായത്തിന്റെ തനതു ഫണ്ടും പട്ടിക വര്‍ഗ വകുപ്പിന്റെ ഫണ്ടും വിനിയോഗിച്ചാണ് കൂടിവെള്ളപദ്ധതികള്‍ നടപ്പാക്കുന്നത്. പുതിയ നാല് കുടിവെള്ള പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ 22 ലക്ഷം ചിലവ് വരുന്ന ചിറങ്കടവ് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു. മറ്റുള്ളവ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. കൂടാതെ കുടിവെള്ളം ശേഖരിക്കാനായി 300 ഓളം കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കുകള്‍ നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസം

പട്ടിക വര്‍ഗ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കരുതല്‍ പഞ്ചായത്ത് നല്‍കുന്നു. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സ്‌കോളര്‍ഷിപ്പുകള്‍ പഞ്ചായത്തിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. ഉപരിപഠനം നടത്തുന്ന 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്തു. കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പ് വരുത്തുന്നതിനായി ആവശ്യമായ മേശയും കസേരയും നല്‍കിവരുന്നു. പട്ടിക വര്‍ഗ വിഭാഗത്തിലെ യുവതികള്‍ക്കായി വിവാഹ ധനസഹായങ്ങളും ലഭ്യമാക്കുന്നു.

സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി

പട്ടികവര്‍ഗ കോളനികളുടെ ഉന്നമനത്തിനായി പട്ടിക വര്‍ഗ വകുപ്പിന്റെ ധനസഹായത്തോടെ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പട്ടിക വര്‍ഗ്ഗ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വീടുകളുടെ നവീകരണം, റോഡ് നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതോടൊപ്പം കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി സ്വയം തൊഴില്‍ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട് .ആട് വളര്‍ത്തല്‍, പശുവളര്‍ത്തല്‍, തയ്യല്‍ എന്നിവയിലൂടെ കുടുംബങ്ങള്‍ക്ക് വരുമാനം ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിനായി പശുക്കളെയും ആടുകളെയും തയ്യല്‍മെഷിനുകളും ഗുണഭോക്താക്കളുടെ ആവശ്യാനുസരണം വിതരണം ചെയ്യും. ആദ്യ ഘട്ടത്തില്‍ അട്ടക്കാട്, ആക്കച്ചരി-മൗക്കോട്,പെരളം, പൂങ്ങോട്, കമ്മാടം-പുത്തരിയങ്കല്ല്,വളയങ്ങാനം,കിണറ്റടി, കൊളത്തുകാട്,മുടന്തേംപാറ എന്നീ ഒമ്പത് കോളനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആരോഗ്യ പരിശോധന ക്യാമ്പുകള്‍

പട്ടികവര്‍ഗ കോളനികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ നടത്തുന്നു. ഈ ക്യാമ്പുകളിലൂടെ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയുന്നു. ക്യാമ്പില്‍ നിന്ന് ക്യാന്‍സര്‍ കണ്ടത്തിയ അഞ്ചുപേര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിദഗ്ദ ചികിത്സ തേടുകയും രോഗ വിമുക്തരായി സാധാരണ ജീവിതം നയിക്കുന്നു.

NO COMMENTS