ആന്റിഗ്വ: അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ 59 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെന്ന നിലയിലാണ് വെസ്റ്റിന്‍ഡീസ്. 10 റണ്‍സോടെ ജേസണ്‍ ഹോള്‍ഡറും റണ്ണൊന്നുമെടുക്കാതെ മിഗ്വെയ്ല്‍ കമ്മിന്‍സുമാണ് ക്രീസില്‍. രണ്ടാം ദിനം 13 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ച് പേരെ പുറത്താക്കിയത്. 48 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ്പ് സ്‌കോറര്‍. ഷാരോണ്‍ ഹെറ്റ്‌മെയര്‍ 35 റണ്‍സടിച്ചു. നേരത്തെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിസ്സാരമായി കീഴടങ്ങിയ പിച്ചില്‍ വാലറ്റം ഇന്ത്യയുടെ രക്ഷകരാകുകയായിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 96.4 ഓവറില്‍ 297 റണ്‍സെടുത്തു. അജിന്‍ക്യ രാഹനെ (81), ഹനുമ വിഹാരി (32), രവീന്ദ്ര ജഡേജ (58), ഇഷാന്ത് ശര്‍മ (19) എന്നിവരുടെ ചെറുത്തുനില്‍പ്പുകളാണ് ഇന്ത്യയെ രക്ഷിച്ചത്. ആദ്യദിനം 25 റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് പോയപ്പോള്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ (44) മാത്രമാണ് പിടിച്ചുനിന്നത്. ടോപ് ഓര്‍ഡറിലെ നാലുപേര്‍ ചേര്‍ന്ന് 60 റണ്‍സ് അടിച്ചപ്പോള്‍ പിന്നീടുള്ള നാലുപേര്‍ 195 റണ്‍സ് ചേര്‍ത്തു. ആറിന് 203 എന്നനിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നാലുറണ്‍സുകൂടി ചേര്‍ത്തപ്പോള്‍ ഋഷഭ് പന്തിനെ (24) നഷ്ടമായി. എന്നാല്‍, എട്ടാം വിക്കറ്റില്‍ ജഡേജയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് 60 റണ്‍സടിച്ചു. അവസാന വിക്കറ്റില്‍ ബുംറയെ കൂട്ടുപിടിച്ച് 29 റണ്‍സ് ചേര്‍ത്തപ്പോള്‍ അതില്‍ 25 റണ്‍സ് ജഡേജയുടെ വകയായിരുന്നു.
ഇതിനിടെ ജഡേജ ടെസ്റ്റിലെ പത്താം അര്‍ധസെഞ്ചുറിയും അടിച്ചു. 112 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത ജഡേജയെ ജേസണ്‍ ഹോള്‍ഡര്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ ലഞ്ചിന് പിരിഞ്ഞു. വെസ്റ്റിന്‍ഡീസിനുവേണ്ടി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നുവിക്കറ്റുമെടുത്തു.