ആര്‍ദ്രം – കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ ഒരുങ്ങുന്നത് അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

35

കാസറഗോഡ് : കേരള സര്‍ക്കാരിിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സംസ്ഥാനത്തെ ആതുരാലയങ്ങളുടെ മുഖം പാടെ മാറി മറിഞ്ഞു. പഴകിയ ചോരുന്നതും വിണ്ടു തുടങ്ങിയതുമായ മേല്‍ക്കൂരകളും, നിറം മങ്ങിയ ഭിത്തികളും, നീണ്ട ക്യൂവും എല്ലാം പഴങ്കഥയായി. സര്‍ക്കാര്‍ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന തരത്തില്‍ മികച്ച ചികിത്സയും ചികിത്സാ അന്തരീക്ഷവും നല്‍കി ആരോഗ്യ മേഖലയുടെ ഗുണമേന്‍മ ഉറപ്പാക്കുന്ന സമഗ്ര പദ്ധതികളാണ് സംസ്ഥാനത്താകെ നടന്നത്.

നാടിനെ വിറപ്പിച്ച് കോവിഡ് 19 വില്ലനായെത്തിയപ്പോഴും പുതുക്കി പണി കഴിപ്പിച്ച ആശുപത്രി കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കും ഫലപ്രദമായി ഉപയോഗിക്കാനായി. മികച്ച ഒ.പി സൗകര്യം, ശുചിത്വം നിറഞ്ഞ അന്തരീക്ഷം, ആധുനിക സൗകര്യത്തോട് കൂടിയ ടോക്കണ്‍ സംവിധാനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ വൈകുന്നേരങ്ങളിലും ഡോക്ടറുടെ സേവനം, മികച്ച ഉദ്യാനം ഇവിടെ തീരുന്നില്ല, പദ്ധതിയിലൂടെ ആതുരാലയങ്ങളില്‍ വന്ന മാറ്റങ്ങള്‍.

ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മാത്രം അഞ്ച് പി.എച്ച്.സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നത്. ബ്ലോക്ക് പരിധിയിലെ അജാനൂര്‍ പഞ്ചായത്തില്‍ രണ്ട് കുടുബാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ആനന്ദാശ്രമം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു. അജാനൂര്‍ കടപ്പുറത്ത് എഫ്.എച്ച്.സി കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 1.75 കോടി രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 22,00,000 രൂപയും അജാനൂര്‍ കടപ്പുറത്തെ എഫ്.എച്ച്.സി കെട്ടിടത്തിനായി മാറ്റിവെച്ചിട്ടുണ്ട്.

പള്ളിക്കര പഞ്ചായത്തില്‍ അനുവദിച്ച എഫ്.എച്ച്.സി കെട്ടിടം തീരദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വൈദ്യുതതീകരണം നടക്കേണ്ടതുണ്ട്. വേഗത്തില്‍ പണി പുരോഗമിക്കുന്ന ഇരു നില കെട്ടിടമാണ് പള്ളിക്കര എഫ്.എച്ച്.സി. ഉദുമ പഞ്ചായത്തിലും മടിക്കൈ പഞ്ചായത്തിലും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇരു പഞ്ചായത്തുകളിലും എഫ്.എച്ച്.സി കെട്ടിടത്തിലേക്ക് മാറാനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തുകളിലെല്ലാം പുതിയ കെട്ടിടം പണി തീരുന്നതുവരെയും നിലവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

NO COMMENTS