ആര്‍ദ്രം പദ്ധതി – കാസർഗോഡ് ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റി

47

കാസർഗോഡ് : ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പദ്ധതിയായാണ് ആര്‍ദ്രം. കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടും തൂണുകളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസര്‍കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടന്നത്. കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേതമാക്കാന്‍ ജില്ലയെ പ്രാപ്തമാക്കാനും ആര്‍ദ്രം പദ്ധതിക്ക് കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെയും നേത്യത്വത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സംസ്ഥാനതല സമിതി സംസ്ഥാനതലത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഡി.എം.ഒ. എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ജില്ലാതലത്തിലു മായാണ് ആര്‍ദ്രം ദൗത്യത്തിന്റെ മേല്‍നോട്ടവും ഏകോപനവും നിര്‍വ്വഹിക്കുന്നത്.

മുഖം മിനുക്കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

സമൂഹത്തിലെ സാധാരണക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കു ന്നതിന് വേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി രൂപകല്‍പന ചെയ്തത്. നിലവിലെ ജില്ലാ ആശുപത്രി കളിലെ ഒ പി, അത്യാഹിത വിഭാഗങ്ങളിലെ തിരക്ക്, ഭൗതിക സാഹചര്യങ്ങളില്‍ ഉള്ള കുറവ്, സേവനങ്ങളിലെ ഗുണമേന്മയിലുള്ള അപര്യാപ്തത എന്നിവ മറികടക്കാനാണ് ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1.33കോടി രൂപയുടെ ഒ പി ഡി ട്രാന്‍സ്ഫോര്‍മേഷന്‍ സിവില്‍ വര്‍ക്ക് പൂര്‍ത്തീകരിച്ചു. ഇതിന്റെ വൈദ്യുതീകരണത്തിന് നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഫാര്‍മസിയും വിപുലീകരിച്ചു. ഇതിലൂടെ ജില്ലാ ആശുപത്രിയില്‍ കാലാകാലങ്ങളിലുള്ള ഒ പി യിലും ഫാര്‍മസിയിലുമുള്ളതിരക്ക് കുറയ്ക്കാനാകും. കൂടാതെ നബാര്‍ഡ് ഫണ്ടില്‍ നിര്‍മിച്ച പുതിയ ബില്‍ഡിങിലേക്കുള്ള ഫര്‍ണിച്ചറുകളും ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാ ആശുപത്രിക്ക് ലഭ്യമായി.

ജില്ലാ ആശുപത്രിയില്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. ജൂനിയര്‍ കണ്‍സള്‍റ്റന്റ് മെഡിസിന്‍, ജൂനിയര്‍കണ്‍സള്‍റ്റന്റ് ബ്ലഡ് ബാങ്ക്, ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഡെന്റല്‍, ജൂനിയര്‍ കണ്‍സള്‍റ്റന്റ് ജനറല്‍ മെഡിസിന്‍, ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഗൈനിക്, റെസ്പിരിയറ്ററി കണ്‍സള്‍റ്റന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഫര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, ഇ സി ജി ടെക്നിഷന്‍, എക്സ്റേ അറ്റന്‍ഡര്‍ എന്നി തസ്തികകള്‍ ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലാശുപത്രിക്ക് ലഭിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍, കണ്‍സള്‍റ്റന്റ് അനസ്തേഷ്യ, ഡയാലിസിസ് ടെക്‌നീഷന്‍, മെഡിക്കല്‍ റെക്കോര്‍ഡ് അറ്റെന്‍ഡര്‍ എന്നീ പോസ്റ്റുകളും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് ജനറല്‍ ആശുപത്രിക്കും നേട്ടം

കാസര്‍കോട്് ജനറല്‍ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ പഴയ വനിതാ വാര്‍ഡ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചു. കേരള ഹൗസിങ് ബോര്‍ഡ് ആണ് പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ഒ പി. ടിക്കറ്റ് കൗണ്ടര്‍, പണം അടക്കാനുള്ള കൗണ്ടര്‍, ജനറല്‍ ഒ.പി, ചര്‍മ്മ രോഗം, മാനസിക രോഗം ഒ.പികള്‍, അള്‍ട്രാസൗണ്ട് സ് കാന്‍ എന്നിവയാണ് ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഒ പികള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തിച്ചു തുടങ്ങി. കാത്തിരിക്കുന്നവര്‍ക്കുള്ള ശുചി മുറികള്‍, ഭിന്നശേഷി കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ശുചിമുറി എന്നിവ ഇവിടെയുണ്ടാകും. ഭാവിയില്‍ ലഘു പാനീയ സ്റ്റാളും ഇവിടെ ആരംഭിക്കും. ഒ പികള്‍ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ കോവിഡ് 19 സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കഴിയുന്നു.

എയര്‍ പോട്ട് സ്‌റ്റൈല്‍ കസേരകള്‍, എക്സിക്യൂട്ടീവ് കസേരകള്‍, മേശകള്‍, എന്നിങ്ങനെ 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. 10 ഡോക്ടര്‍മാരുടെയും 10 സ്റ്റാഫ് നഴ്സ്മാരുടേയും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്റേയും ഡന്റല്‍ മെക്കാനിക്കിന്റേയും തസ്തിക പുതുതായി പദ്ധതിക്കു കീഴില്‍ സൃഷ്ടിക്കപ്പെട്ടു.

NO COMMENTS