– കൈ കഴുകൂ മാസ്‌ക് ധരിക്കൂ കൊറോണ വൈറസിനെ തുരത്തൂ-
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ ജാഗ്രത കുറഞ്ഞാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ലോക് ഡൗൺ പ്രഖ്യാപിച്ച തിലൂടെ രോഗവ്യാപനം തടയാൻ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാൻ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താൽ കോവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നിൽ കണ്ടാണ് ലോക് ഡൗൺ ഇളവുകൾ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്. ഇപ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമായി.
പൊതുഗതാഗതവും സ്ഥാപനങ്ങളും മാർക്കറ്റുകളും ആരാധനാലയങ്ങളും തുറന്ന സാഹചര്യത്തിൽ ആരോഗ്യ വകു പ്പിന്റെ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് വിലക്കില്ലെങ്കിലും മാതൃകയാകേണ്ട രാഷ്ട്രീയ പ്രവർത്തകരും കോവിഡ് പ്രതിരോധ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പരിപാടികളിലോ, മതപരമായ ചടങ്ങുകളിലോ, ആഘോഷങ്ങളിലോ കൂട്ടമായി പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് രോഗബാധയുണ്ടെങ്കിൽ അവരിൽ നിന്ന് വൈറസ് സമൂഹത്തി ലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.
അതിനാൽ തന്നെ സ്വന്തം രക്ഷയെ കരുതിയും നേതാക്കൻമാരുടേയും സമൂഹത്തിന്റേയും രക്ഷയെ കരുതിയും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. ഒന്നര മീറ്റർ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രതിഷേധ പരിപാടികളിലായാലും പങ്കെടുക്കാവൂ. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യണം. ഇത്തരം പരിപാടികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരും സ്വയം സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കർശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികൾ നടത്താൻ എല്ലാവരും സ്വയം നിർബന്ധിതരാകണം. മാസ്‌കും സാമൂഹിക അകലവും ജീവിതത്തിന്റെ ഭാഗമാക്കുക. രോഗ പകർച്ചയുടെ കണ്ണിപൊട്ടിക്കാനായി ബ്രേക്ക് ദ ചെയിൻ പരിപാടി തുടർച്ചയായി നടപ്പിലാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടകളും ഇക്കാര്യം ശ്രദ്ധിക്കണം. ബസ് സ്റ്റോപ്പുകളിൽ നിൽക്കുമ്പോഴും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.
ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും തിക്കിതിരക്കുണ്ടാവാതെ സാമൂഹിക അകലം പാലിക്കണം. ബസുകളിൽ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ബസുകളിൽ തിരക്ക് കൂട്ടാതാരിക്കാനായി കൂടുതൽ സമയം കണ്ടെത്തി യാത്ര ചെയ്യേണ്ടതാണ്. നിർബന്ധമായും മാസ്‌ക് ഉപയോഗിക്കുക. യാത്രയ്ക്ക് ശേഷം കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.
ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നമ്മൾ കോവിഡിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. മേയ് 4 മുതൽ ചെക്ക് പോസ്റ്റ് വഴിയും മേയ് 7 മുതൽ എയർപോർട്ട് വഴിയും മേയ് 10 മുതൽ സീപോർട്ട് വഴിയും വഴിയും മേയ് 14 മുതൽ ട്രെയിൽ വഴിയും മേയ് 25 മുതൽ ഡൊമസ്റ്റിക് ഫ്ളൈറ്റ് വഴിയും യാത്രക്കാർ എത്തിക്കൊണ്ടിരുന്നു. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതിൽ ഉയർന്നു. ചെക്ക് പോസ്റ്റ് തുറക്കുന്നതിന് മുമ്പ് അതായത് മേയ് 3 വരെ ആകെ 499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 334 പേർ കേരളത്തിന് പുറത്ത് നിന്നും യാത്രകളിലൂടെ വന്നവരാണ്.
165 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 4 മുതൽ ജൂൺ-13 വരെ 1908 പേർക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1694 പേർ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 214 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്.
കേരളത്തിൽ നാം നടപ്പിലാക്കിയ കർശനമായ കോറന്റൈൻ വ്യവസ്ഥകളാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധയുടെ തോത് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചത്. ലോകത്തിന്റെ മറ്റ് പല രാജ്യങ്ങളിലേയും നമ്മുടെ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേയും കണക്കുകൾ പരിശോധിച്ചാൽ വെളിയിൽ നിന്ന് വന്നവരിൽനിന്ന് കണ്ടെത്തിയ രോഗബാധിതരുടെ എണ്ണത്തിന്റെ എത്രയോ മടങ്ങാണ് അവരിൽ നിന്ന് പകർന്നു കിട്ടിയവരുടെ എണ്ണമെന്ന് കാണാൻ കഴിയും. അതുകൊണ്ടാണ് നിയന്ത്രണാതീതമായി രോഗം പടരുന്നതും മരണസംഖ്യ ക്രമാതീതമായി ഉയരുന്നതും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതാണ് സ്ഥിതി.
ജനസാന്ദ്രത വളരെ കൂടുതലായ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇങ്ങനെയൊരു സ്ഥിതിയുണ്ടായാൽ എത്രയോ വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. സാമൂഹ്യ പുരോഗതിയുടെ ഭാഗമായി കേരളത്തിനുണ്ടായ നേട്ടമാണ് ഉയർന്ന പ്രതീക്ഷിത ആയുസ്. ആയതിനാൽ കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസിനുമേൽ പ്രായമുള്ളവരാണ്.
കോവിഡ് ബാധിച്ചാൽ ജീവഹാനി സംഭവിക്കാൻ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവർക്കും മറ്റ് വിവിധ രോഗങ്ങൾ ഉള്ളവർക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകർച്ച സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് പൂർണമായും അകലം പാലിച്ച് നിൽക്കണം (റിവേഴ്സ് ക്വാറന്റൈൻ). ഇത് സംബന്ധിച്ച് സർക്കാരിന്റെ നിർദ്ദേശങ്ങൾ എല്ലാവരും നിർബന്ധമായും അനുസരിക്കണം.
മേയ് 3ന് മുമ്പ് 3 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം മേയ് 4 ന് ശേഷം 16 മരണങ്ങളാണ് ഉണ്ടായത്. മരണമടഞ്ഞവരിൽ 13 പേരും കേരളത്തിന് വെളിയിൽ നിന്നും വന്നതാണ്. ഇവരിൽ 13 പേർ 60 വയസിന് മുകളിൽ ഉള്ളവരുമാണ്. ചെറുപ്പക്കാർ പൂർണമായും സുരക്ഷിതരാണ് എന്നല്ല ഇതിനർത്ഥം. ലോകത്തിൽ സമൂഹ വ്യാപനം ഉണ്ടായ ഇടങ്ങളിൽ നല്ല ആരോഗ്യമുള്ളവരും മരണത്തിന് കീഴടങ്ങിയതായി കാണുന്നു. എന്നാൽ അമിതമായ ഭയം ഉണ്ടാകേണ്ടതില്ല. നിബന്ധനകളും നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചാൽ അപകടം ഉണ്ടാകാതെ രക്ഷപ്പെടാം എന്ന് കേരളത്തിന്റെ ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നുണ്ട്.
ഇതേവരെ വന്നതിനേക്കാൾ പതിൻമടങ്ങ് ആൾക്കാരാണ് ഇനി വരാനുള്ളത്. മറ്റുള്ള രാജ്യങ്ങളും സംസ്ഥാനങ്ങളും ഇപ്പോഴും കോവിഡിൽ നിന്നും മുക്തമല്ലാത്തതിനാൽ ഇവിടേയ്ക്ക് വരുന്നവരിൽ പലരും രോഗബാധിതരായിരിക്കാം. മാത്രമല്ല വിമാനത്തിൽ വച്ചോ ട്രെയിനിൽ വച്ചോ യാത്രാ വേളകളിലോ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുവേണം നമ്മുടെ ജാഗ്രതയും ജീവിതവും മുന്നോട്ട് പോകാൻ. കൃത്യമായി ക്വാറന്റൈൻ വ്യവസ്ഥ പാലിക്കുകയും രോഗലക്ഷണം ഉണ്ടായാൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിൽ എത്തുകയും ചെയ്താൽ നമുക്ക് രക്ഷപ്പെടാൻ സാധിക്കും.
നൂറുകണക്കിന് ആരോഗ്യപ്രവർത്തകരും പോലീസും വോളണ്ടിയർമാരും രാപകലില്ലാതെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. കോവിഡ് സ്പെഷ്യൽ ആശുപത്രികളും കോവിഡ് ഒന്നാംഘട്ട ചികിത്സാ കേന്ദ്രവും കോവിഡ് കെയർ സെന്ററുകളും ക്രമീകരിച്ച് ചിട്ടയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. അശ്രദ്ധമൂലം രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയാൽ ഓരോ വ്യക്തിയെയും ശ്രദ്ധിച്ചു കൊണ്ടുള്ള ചികിത്സാ സംവിധാനം താളം തെറ്റും. അതിനിടയാക്കരുത്.
എല്ലാ തരത്തിലുള്ള കൂട്ടായ്മകളും തൽക്കാലത്തേക്ക് മാറ്റിവയ്ക്കാം. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് കൃത്യമായ അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രം പുറത്തിറങ്ങണം. കേരള ജനത ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കുമെന്ന് നമുക്ക് തെളിയിക്കണം. സർക്കാർ ജനങ്ങളോടൊപ്പമുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.