എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന ; മന്ത്രി വീണാ ജോർജ്

10

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യ ത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദേശം നൽകിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾ ക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തിൽ മായം കലർത്തുന്നതും പഴകിയ ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണ്. ഇത് സംബന്ധിച്ച് കർശനമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തിൽ മായം കലർത്തിയ ഭക്ഷണമോ പഴകിയ ഭക്ഷണമോ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികൾ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോർട്ടൽ തയ്യാറാക്കി വരുന്നു. പൊതുജനങ്ങൾക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയിൽമേലും പെട്ടെന്ന് തന്നെ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS