കാസറഗോഡ് : ജില്ലയില്‍ മലയോരമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നതിന് ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.എം.രാജഗോപാലന്‍ എംഎല്‍എ യും എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുമാണ് വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചത്.
കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വന്യമൃഗങ്ങള്‍ വരുത്തിയ നാശനഷ്ടവും നല്‍കിയ നഷ്ടപരിഹാരവും സംബന്ധിച്ച വിശദവിവരങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം എന്‍. ദേവിദാസ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാറഡുക്കയിലെ മഞ്ചക്കല്‍ തടി ഡിപ്പോ പ്രയോജനപ്പെടുത്തി ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുളള താവളമൊരുക്കുന്നതിനും പാമ്പുപിടിത്തകേന്ദ്രം ഉണ്ടാക്കുന്നതിനും കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറോട് യോഗം നിര്‍ദ്ദേശിച്ചു.
കാര്യങ്കോട് പാലത്തിന്റെ തൂണുകള്‍ അതീവ അപകടാവസ്ഥയിലാണെന്നും അറ്റകുറ്റപണി നടത്തുന്നതിന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുന്നത് ഗൗരവമായി കാണണമെന്നും എം.രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ജില്ലാകളക്ടര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
ദേശീയപാതയില്‍ വലിയ കുഴികള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ അപകടമരണം സംഭവിക്കാതിരിക്കാന്‍ അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 30 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
നീലേശ്വരം നഗരസഭയിലെ ഓര്‍ച്ച പാലത്തിന് സമീപം ടൂറിസം പദ്ധതി, നീലേശ്വരം അഴിത്തല ടൂറിസം വികസന പദ്ധതി, തേജസ്വിനി പുഴയോരത്ത് പെടോരുരുത്തി ടൂറിസംപദ്ധതി, കൂട്ടികളുടെ പാര്‍ക്ക് എന്നിവ സംബന്ധിച്ച ഡിപിആര്‍ സമര്‍പ്പിക്കാന്‍ ഡിടിപിസി സെക്രട്ടറിക്ക് യോഗം നിര്‍ദ്ദേശം നല്‍കി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ.കെ പി ജയരാജനാണ് ഈ വിഷയം ഉന്നയിച്ചത്.റിപ്പോര്‍ട്ട് സ്ഥലം എം എല്‍ എയ്ക്ക് കൈമാറണം. കാസര്‍കോട് ആയുര്‍വേദ ആശുപത്രി പൈപ്പ്ലൈന്‍, നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി പൈപ്പ്ലൈന്‍ എന്നിവ പൂര്‍ത്തികരിച്ചതായി യോഗത്തില്‍ അറിയിച്ചു. കെ.എസ്.ഇ.ബി ചെര്‍ക്കള സെക്ഷന്‍ വിഭജിച്ച് വിദ്യാനഗര്‍ സെക്ഷന്‍ രൂപികരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. തുല്യതപഠനം ഉറപ്പുവരുത്താന്‍ സാക്ഷരതാ പ്രേരക്മാരില്ലാത്ത പഞ്ചായത്തുകളിലേക്ക് പ്രേരക്മാരെ നിയോഗിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ നിയമിതനായി വര്‍ക്കിംഗ് അറേജ്മെന്റില്‍ ജില്ലയ്ക്ക് പുറത്തുജോലിചെയ്യുന്ന ഫിസിഷ്യന്‍, ന്യൂറോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ജില്ലയില്‍ തന്നെ നിയമിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. എഞ്ചിനിയര്‍മാരുടെ അഭാവം ജില്ലയില്‍ പഞ്ചായത്തുതലത്തില്‍ വികസനപ്രവര്‍ത്തനങ്ങ ള്‍ക്ക് തടസ്സമാകാതിരിക്കാന്‍ നടപടിസ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍ യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എന്‍എ നെല്ലിക്കുന്ന് എം.രാജഗോപാലന്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എഎ ജലീല്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, എം.പിയുടെ പ്രതിനിധി അഡ്വ.എ.ഗോവിന്ദന്‍ നായര്‍ , സബ് കളക്ടര്‍ ഡി ആര്‍ മേഘ ശ്രീ ,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് റിജു മാത്യു വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച യോഗത്തില്‍ സംബന്ധിച്ചു. എം.എല്‍.എ ആസ്തിവികസനഫണ്ട് വിനിയോഗം, എംപി പ്രാദേശിക വികസന ഫണ്ട് വിനിയോഗം, തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗം, കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ പുരോഗതി എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു.
കൊറഗ ഊരില്‍ ഇനി മത്സ്യ കൊയ്ത്ത്
കുടുംബശ്രീ ജില്ലമിഷന്‍ കൊറഗ സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലില്‍ നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊറഗ വിഭാഗക്കാരെ കൊണ്ടുവരുക, ഊരുകളില്‍ മത്സ്യ ലഭ്യതയും ഉപജീവന മാര്‍ഗ്ഗവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ പ്രോജക്ടിന് കീഴില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനപരിപാടി സംഘടിപ്പിച്ചത്. നിലവില്‍ കൊറഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി കുടുംബശ്രീ ജില്ലാമിഷന്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
പരിശീലന പരിപാടി പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാഥിതി ആയി. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍ സുജാത ബി റൈ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെവലപ്മെന്റ് ആന്റ് ജെന്റര്‍ എ.ഡി.എം.സി പ്രകാശന്‍ പാലായി ആശംസകള്‍ അറിയിച്ചു. ഫിഷറീസ് പ്രമോട്ടര്‍ രമേശന്‍, മത്സ്യ സംരംഭകന്‍ അബ്ദുല്‍ റസാഖ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. പൈവളികെ സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഖ സ്വാഗതവും കൊറഗ സ്പെഷ്യല്‍ പ്രോജക്ട് കോഡിനേറ്റര്‍ ബി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.