ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്നത്തെ ജയത്തോടെ 100 മത്തെ മത്സരജയം ആണ് ഫെഡറര്‍ കുറിച്ചത്. ഇതോടെ വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നീ രണ്ട് ഗ്രാന്റ് സ്ലാമുകളിലും 100 ല്‍ അധികം ജയം നേടുന്ന താരമായി മാറി ഫെഡറര്‍. ഓപ്പണ്‍ ഇറയില്‍ ഗ്രാന്റ് സ്ലാമുകളില്‍ 5 സെറ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം കണ്ട താരമെന്ന റെക്കോര്‍ഡില്‍ പീറ്റ് സാമ്ബ്രസിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഫെഡററിനായി. 29 തവണയാണ് ഫെഡറര്‍ ഗ്രാന്റ് സ്ലാമുകളില്‍ 5 സെറ്റ് പോരാട്ടം ജയിക്കുന്നത്.
5 സെറ്റുകളും 4 മണിക്കൂറും നീണ്ട മാരത്തോണ്‍ മത്സരത്തനൊടുവിലായിരുന്നു ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെതിരെ ഫെഡററുടെ വിജയം. ആദ്യ സെറ്റില്‍ സര്‍വ്വീസ് ബ്രേക്ക് വഴങ്ങി എങ്കിലും രണ്ട് തവണ ഫെഡററിന്റെ സര്‍വ്വീസ് ബ്രേക്ക് ചെയ്ത മില്‍മാന്‍ ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ മതസരം ഒന്നൂടെ കടുത്തതായി ഇരുതാരങ്ങളും സെറ്റ് വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മത്സരം ടൈബ്രെക്കറിലേക്ക്. സ്‌കോര്‍ 6-7 (2-7) ന് ഫെഡറര്‍ക്ക് സ്വന്തം. മൂന്നാം സെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മില്‍മാന്‍ 6-4 നു സ്വന്തമാക്കി ഒരു സെറ്റ് ലീഡെടുത്തു. നാലാം സെറ്റിലും മികവു പുലര്‍ത്തിയ ഓസ്‌ട്രേലിയന്‍ താരം 6-4 നു ആ സെറ്റും സ്വന്തമാക്കിയപ്പോള്‍ ഫെഡറര്‍ പരാജയം മണത്തു.
ആഞ്ചാം സെറ്റില്‍ അവിസ്മരണീയമായ പോരാട്ടത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. തിരിച്ചുവരാന്‍ പൊരുതിയ ഫെഡററും മത്സരം സ്വന്തമാക്കാന്‍ മില്‍മാനും പൊരുതി ഒടുവില്‍ മത്സരം സൂപ്പര്‍ ടൈബ്രെക്കറിലേക്ക് നീണ്ടു. 8-4 നു സൂപ്പര്‍ ടൈബ്രെക്കറില്‍ 2 പോയിന്റ് അകലെ ജയം കയ്യെത്തും ദൂരെയാക്കി ഓസ്ട്രേലിയന്‍ താരം മുന്നേറിയപ്പോള്‍ എല്ലാരും ഫെഡററുടെ തോല്‍വി ഉറപ്പിച്ച സമയത്ത് സമാനതകളില്ലാത്ത വിധം തിരിച്ചു വന്ന ഫെഡറര്‍ അടുത്ത 6 പോയിന്റുകള്‍ നേടി മത്സരം സ്വന്തമാക്കി. നാലാം റൗണ്ടില്‍ മാര്‍ട്ടന്‍ ഫ്യൂസ്‌കോവിക്സ് ആണ് ഫെഡററുടെ എതിരാളി.