പാലക്കാട്•കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതി കഞ്ചിക്കോട് കിന്‍ഫ്രപാര്‍ക്കില്‍ ആരംഭിക്കുന്നു. മാര്‍ച്ചിനു മുന്‍പ് ഇവിടെ നിന്നു വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.
സംസ്ഥാനത്തു വിവിധ പദ്ധതികള്‍ വഴി നിലവില്‍ 44 മെഗാവാട്ട് വൈദ്യുതിയാണു കാറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് വിന്‍ഡ് എനര്‍ജി നടത്തിയ പഠനമനുസരിച്ച് 790 മെഗാവാട്ട് വരെ ഉല്‍പാദിപ്പിക്കാനാകും. അതിനു യോജിച്ച സ്ഥലങ്ങളിലൊന്നായ കഞ്ചിക്കോട്ട്, ഡല്‍ഹി നോയിഡ കേന്ദ്രമായുള്ള ഐനോക്സ് കമ്ബനിയാണ് 22 മെഗാവാട്ട് വൈദ്യുതി പദ്ധതി ആരംഭിക്കുന്നത്.കഞ്ചിക്കോട് സത്യനാഥംപള്ളത്തെ കിന്‍ഫ്രപാര്‍ക്കില്‍ 27 ഏക്കര്‍ സ്ഥലത്ത് 11 കാറ്റാടിയന്ത്രങ്ങളാണു കമ്ബനി സ്ഥാപിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.
പദ്ധതിക്കു 160 കോടിയിലധികം രൂപ ചെലവഴിക്കും. പദ്ധതിയുടെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായി. മുഴുവന്‍ വൈദ്യുതിയും പവര്‍ഗ്രിഡിലേക്കു നല്‍കും. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ധാരണയായി. ഐനോക്സിനു നിലവില്‍ തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാറ്റാടി പദ്ധതികളുണ്ട്. കഞ്ചിക്കോട്ട് കെഎസ്‌ഇബി, അഹല്യ ക്യാംപസ് എന്നിവരുടെ വിന്‍ഡ്മില്ലുകളില്‍ നിന്നു നിലവില്‍ 10.4 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്.
രാമക്കല്‍ മേട്ടില്‍ 14.25, അഗളിയിലെ 19 മെഗാവാട്ട് എന്നിവയാണ് പൂര്‍ത്തിയായ മറ്റു പദ്ധതികള്‍. അട്ടപ്പാടി, കഞ്ചിക്കോട് മേഖലകളില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വലിയ സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ ഉല്‍പാദന ചെലവു കൂടുതലാണെന്നാണു കമ്ബനികളുടെ വിലയിരുത്തല്‍.