ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നത്. ഇടതുപക്ഷവും എന്‍ഡിഎയും തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെതിരെ യുഡിഎഫിലെ ഘടക കക്ഷികളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ സകല ആത്മവിശ്വാസം തിരിച്ചു പിടിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.രാഹുലിന്‍റെ വരവോടെ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയം കൊയ്യാമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. ഇതില്‍ നിര്‍ണായമാകുന്നതാകട്ടെ മലപ്പുറം മണ്ഡലവും. മലപ്പുറത്ത് നിന്ന് മാത്രം ഒന്നരലക്ഷത്തിന്‍റെ ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്
കോണ്‍ഗ്രസിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നായ വയനാട്ടില്‍ ഇത്തവണ തിരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ പൊടിപാടും. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. മണ്ഡലം രൂപീകൃതമായതിന് ശേഷം രണ്ട് തിരഞ്ഞെടുപ്പുകളാണ് വയനാട്ടില്‍ നടന്നത്. ഇവയില്‍ രണ്ടിലും കോണ്‍ഗ്രസിനായിരുന്നു വിജയം. 2009 ല്‍ എംഐ ഷാനവാസ് 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
2014 ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇത്തവണ മണ്ഡലത്തില്‍ റെക്കോഡ് ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയിലൂടെ പാര്‍ട്ടിയുടെ പ്രതീക്ഷ. മലപ്പുറം മണ്ഡലത്തില്‍ നിന്ന് മാത്രം ഒന്നരലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പരന്നുകിടക്കുന്നതാണ് വയനാട് മണ്ഡലം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നിയോജക മണ്ഡലങ്ങള്‍ വയനാട്ടില്‍ നിന്നും കോഴിക്കോടിന്‍റെ ഭാഗമായ തിരുവമ്ബാടിയും മലപ്പുറത്തെ നിലമ്ബൂര്‍,ഏറനാട് വണ്ടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം
ഇതില്‍ മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസിന്‍റെ വിജയത്തില്‍ നിര്‍ണായകമായതും ഈ മൂന്ന് മണ്ഡലങ്ങളാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സത്യന്‍ മൊകേരി മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും മുന്നിലെത്തി. എന്നാല്‍ മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലെ വോട്ട് ലീഡ് തിരഞ്ഞെടുപ്പ് ഫലം തന്നെ മാറ്റി മറിച്ചു.മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലങ്ങളില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് പൊടിപാറും.ലീഗിനെതിരായ ബിജെപിയുടെ വര്‍ഗീയ പരമാര്‍ശങ്ങള്‍ക്കുള്ള മറുപടി കൂടിയാവും മലപ്പുറത്ത് നിന്ന് ഇത്തവണ ലഭിക്കുക.
ഈ മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ലീഡ് നാലിരട്ടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി യുഡിഎഫ് പ്രത്യേക മേഖലാ കമ്മിറ്റിയും മലപ്പുറത്ത് രൂപീകരിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.ഏറനാട് എംഎല്‍എയും ലീഗ് നേതാവുമായ പികെ ബഷീറിനാണ് കമ്മിറ്റി ചുമതല.മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉണ്ട്. ഉടന്‍ തന്നെ രാഹുലിനേയും പ്രിയങ്ക ഗാന്ധിയേയും പങ്കെടുപ്പിച്ച് കൊണ്ടുള്ള മറ്റൊരു റോഡ് ഷോ മലപ്പുറത്ത് നടത്താനൊരുങ്ങുകയാണ് നേതൃത്വം. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ് മുന്നണിയുടെ ആലോചന. ഈ തിയ്യതികളില്‍ രാഹുല്‍ തമിഴ്നാട്ടില്‍ എത്തുന്നുണ്ട്തമിഴ്നാട്ടിലെ പരിപാടിക്ക് ശേഷം രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനാണ് നീക്കം.