തിരുവനന്തപുരം : കാൻസർ രോഗികളുടെ വർധനവിനനുസരിച്ച് ആർ. സി. സിയിലെ ഭൗതിക സാഹചര്യം വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പരിഗണിച്ചാണ് 187 കോടി രൂപ ചെലവിൽ പുതിയ 14 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 2021ൽ പൂർത്തിയാകും വിധമാണ് നിർമാണം പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർ. സി. സിയിലെ നൂതന കാഷ്വാലിറ്റി കേന്ദ്രം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ. സി. സിയുടെ അടുത്ത ഘട്ട വികസനം മുന്നിൽ കണ്ടാണ് പുലയനാർ കോട്ടയിൽ 11.69 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചത്. 20 കോടി രൂപ ചെലവിൽ റേഡിയോ തെറാപ്പി മെഷീൻ സ്ഥാപിക്കാൻ നടപടി തുടങ്ങി. 14 കോടി ചെലവിൽ അതിനൂതന സിടി സ്‌കാൻ പ്രവർത്തന സജ്ജമാകുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ 45 ലക്ഷം രൂപയുടെ മരുന്നാണ് ആർ. സി. സി കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ എത്തിച്ചു നൽകിയത്. കോവിഡ് കാലത്തെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു കോടിയിൽപരം രൂപ ചെലവഴിച്ചാണ് ആർസിസിയിൽ നൂതന കാഷ്വാലിറ്റി സർവീസ് കേന്ദ്രം നിർമ്മിച്ചിരി ക്കുന്നത്. ആർ.സി.സിയിലെ പഴയ കാഷ്വാലിറ്റിയിലെ പരിമിതികൾ പരിഹരിച്ചാണ് ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയത്. എൻ.എ.ബി.എച്ച്. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയത്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി ഒരേസമയം 10 രോഗികൾക്ക് ഇവിടെ തീവ്രപരിചരണം നൽകാൻ സാധിക്കും.
രോഗ തീവ്രതയനുസരിച്ച് രോഗികൾക്ക് സേവനം നൽകാൻ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന പ്രത്യേകതരം കിടക്കകൾ, ഓരോ കിടക്കയോടും അനുബന്ധിച്ച് ജീവൻ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങൾ, കൂട്ടിരിപ്പുകാർക്കുള്ള പ്രത്യേക കാത്തിരുപ്പ് സ്ഥലം എന്നിവയും പ്രത്യേകതയാണ്. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.