കാസര്‍കോട് : ക്രിമിനല്‍ കേസില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികളുടെ കുടുംബത്തിലെ സ്ത്രീകളെക്കൊണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതികള്‍ നല്കുന്നതു വര്‍ധിച്ചുവരുന്നതായി സംസ്ഥാന വനിതാ കമ്മീഷന് അഭിപ്രായപ്പെട്ടു. ആണ്മക്കളോ, ഭര്‍ത്താവോ, സഹോദരനോ ഏതെങ്കിലും കേസില്‍ പ്രതികളാകുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടിലെ സ്ത്രീകളെക്കൊണ്ടു പരാതി നല്കുന്നതു ശരിയായ നടപടിയല്ലെന്നു വനിതാ കമ്മീഷന് നിരീക്ഷിച്ചു.
ഇത്തരത്തില്‍ പരാതികള്‍ നല്കുന്നതു നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ തന്റെ മകനെ പോലീസുകാരന് മര്‍ദിച്ചുവെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷത്തില്‍ ഇങ്ങനെ നടന്നിട്ടില്ലെന്നും ഇവരുടെ മകന് മൂന്നു കേസുകളില്‍ പ്രതിയാണെന്നും കമ്മീഷനു ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ പരാതിത്തള്ളിക്കൊണ്ടാണു കമ്മീഷന് ഇങ്ങനെ നിരീക്ഷണം നടത്തിയത്. അതേസമയം ശരിയായ പരാതികളാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കമ്മീഷന് സ്വീകരിക്കും.
സ്ത്രീകളെ ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ പരാതികള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഇങ്ങനെ പരാതി നല്‍കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും കമ്മീഷന് അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു.