അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മൊബൈല്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണക്കാക്കും. “കുറ്റക്കാരെന്ന്’ കണ്ടെത്തെുന്നവരുടെ മാതാപിതാക്കളില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീടാക്കാനും ജലൂലില്‍ ഗ്രാമത്തില്‍ കൂടിയ യോഗം തീരുമാനിച്ചു. പ്രണയ വിവാഹത്തെ കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്.ഏതെങ്കിലും പെണ്‍കുട്ടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ തങ്ങളുടെ ഭരണഘടനപ്രകാരം അത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളിലാകും ‘ഭരണഘടന’ നിലവില്‍ വരുന്നത്.
വിവാഹാവശ്യത്തിനുള്ള അധികച്ചെലവുകള്‍ ഒഴിവാക്കണമെന്നും അതുവഴി ആ പണം ലാഭിക്കാമെന്നും യോഗം നിര്‍ദേശിച്ചതായി സിലാ പഞ്ചായത്തംഗം ജയന്തിബായ് താക്കൂര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വിലക്കിനെ കുറിച്ചും പിഴയീടാക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടത്തി. പത്ത് ദിവസത്തിന് ശേഷം കൂടുന്ന സമുദായ യോഗത്തില്‍ നിയമം നടപ്പാക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് താക്കൂര്‍ സമുദായ നേതാവും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ പറഞ്ഞു. ഈ നിയമം ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ നല്ലതാകുമായിരുന്നു. തന്റെ ഒരു പ്രണയ വിവാഹമായിരുന്നെന്നും അതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.