തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വനിത വികസന കോർപറേഷന്റെ എല്ലാ ലോണുകളുടേയും മാർച്ച്, ഏപ്രിൽ, മേയ് എന്നീ മൂന്ന് മാസങ്ങളിൽ ഇൻസ്റ്റാൾമെന്റുകൾ അടയ്ക്കേണ്ടതില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
60 മാസം കൊണ്ട് അടയ്ക്കേണ്ട ഈ ലോണുകൾ പിഴപ്പലിശ ഒഴിവാക്കി 63 മാസമാക്കിയാണ് നീട്ടിയിരിക്കുന്നത്. ഇതിലൂടെ 20,000ത്തോളം വനിതകൾക്കാണ് പ്രയോജനം ലഭിക്കുക. ഇതുകൂടാതെ ദേശീയ ധനകാര്യ കോർപറേഷൻ വഴി 50 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവർക്ക് മൈക്രോ ഫിനാൻസായി 3 മുതൽ 4 ശതമാനം വരെ പലിശയിൽ ലോൺ നൽകുന്നതിനാണ് ഈ തുക ചെലവഴിക്കുന്നത്. 7,000ത്തോളം വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.