സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി – ജൂൺ 15 നു തുടക്കം

20

കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിങ് ജൂൺ 15 നു തുടങ്ങും. മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ 90 ശതമാനം ഫീസും സർക്കാർ വഹിക്കും. 10 ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾ അടച്ചാൽ മതി. 6700 രൂപ മാത്രമാണ് മൂന്നുമാസം താമസിച്ചു പഠിക്കുവാൻ ഒരു വിദ്യാർഥിനി സ്ഥാപനത്തിൽ പ്രവേശന സമയത്ത് അടക്കേണ്ടി വരിക.

കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മ, വിധവ/വിവാഹ മോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ 2022 ജൂൺ 10നു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ, admissions@iiic.ac.in എന്ന ഈമെയിലിലേക്കു അയക്കുകയോ സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കുകയോ ചെയ്യണം. വിവരങ്ങൾക്ക്: 8078980000, www.iiic.ac.in.

NO COMMENTS