തൊഴിൽ സ്വീകരിക്കുന്നവർ മാത്രമല്ല, തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണമെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 74 ശതമാനത്തോളം പെൺകുട്ടികളാണുള്ളത്. മെഡിക്കൽ വിദ്യാ ഭ്യാസ രംഗത്തും ഇപ്പോൾ പെൺകുട്ടികളുടെ പ്രാതിനിധ്യം വളരെ കൂടിയിട്ടുണ്ട്. അതിന് ശേഷം ഒരു ജോലിയിലേക്ക് വരുമ്പോൾ എത്ര പേർ ജോലിയിൽ തുടരുന്നു എന്ന കാര്യം പരിശോധിക്കണം.
സംസ്ഥാനത്തെ തൊഴിലിടത്തെ സ്ത്രീ പ്രാതിനിധ്യം രാജ്യത്തെ മെച്ചപ്പെട്ടനിലയിലാണെങ്കിലും ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ഇതിന് ബോധപൂർവമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളീയത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലിംഗപദവിയും വികസനവും’ സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായി രുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ ഏറെ മുന്നിലാണെങ്കിലും വീടുകൾക്കുള്ളിലെ, കുടുംബങ്ങൾക്കുള്ളിലെ മാറ്റമില്ലാത്ത താണ് തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം കുറയാനുള്ള കാരണങ്ങളിലൊന്ന്. മാറാത്ത കാഴ്ചപാടുകളും ചിന്തകളും വീടുകളിലുണ്ട്. സ്ത്രീകളുടെ ജോലിയെ പരിമിതപ്പെടുത്തുന്ന തടസങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി ഒട്ടേറെ കാര്യങ്ങൾ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കേരള വികസന മാതൃക സമഗ്രവും സുസ്തിരവുമായ ലിംഗ സമത്വത്തി ലൂന്നിയതാണ്. നവകേരളം സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതുമാണ്. സ്ത്രീകളുടെ സംരംഭങ്ങളെ സഹായിക്കുന്ന വനിത വികസന കോർപറേഷൻ രാജ്യത്തെ മികച്ച ചാനലൈസിംഗ് ഏജൻസിയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നതി നായി സ്‌കില്ലിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കി വരുന്നു.
മറ്റ് സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്ന സ്ത്രീകൾക്കായി വനിത വികസന കോർപറേഷൻ എല്ലാ ജില്ലകളിലും ഹോസ്റ്റലുകൾ സജ്ജ മാക്കിയിട്ടുണ്ട്. 3 ജില്ലകളിൽ ഹോസ്റ്റലുകൾ അവസാന ഘട്ടത്തിലാണ്. കുഞ്ഞുങ്ങളേയും കൂടെ താമസിപ്പിക്കാൻ കഴിയും. ഡേ കെയർ സൗകര്യവുമുണ്ട്. ഇതുകൂടാതെ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താത്ക്കാലിക താമസ സൗകര്യവുമുണ്ട്. ഷീ ടാക്സി ഇതുമായി കണക്ട് ചെയ്യുന്നു.
എല്ലാ ജെൻഡറിലും ഉൾപ്പെട്ടവർക്ക് തുല്യത ഉറപ്പ് വരുത്തുകയാണ് ജെൻഡർ ജെസ്റ്റീസ് എന്ന് അർത്ഥമാക്കുന്നത്. ലോകത്ത് ലിംഗപരമായ നീതി നിക്ഷേധങ്ങൾക്കെതിരെയുള്ള സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊതുയിടങ്ങളിലെ, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം പ്രധാന ഘടകമാണ്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തെ ഇന്നത്തെ കേരളം ആക്കിയതിൽ നവോദ്ധാന കാലഘട്ടം മുതലുള്ള ജനകീയ സർക്കാരുകൾ വഹിച്ച പങ്ക് വളരെ വലുതാണ്. സാമൂഹിക മുന്നേറ്റത്തിലൂടെയും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയുമാണ് ഇത് സാധ്യമായത്. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്.
മാതൃ, ശിശു മരണ നിരക്കുകൾ രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ ആയുർദൈർഘ്യം രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. കുടുംബശ്രീ പ്രസ്ഥാനം വർത്തമാന ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ചു. മികച്ച സ്ത്രീമാതൃക കൂടിയാണ് കുടുംബശ്രീ. തൊഴിലിടം, സംരംഭം, ഭരണം, സാമൂഹ്യം, മാധ്യമം, ഭരണം, നീതിന്യായം, മാധ്യമം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം കാണാമെന്നും മന്ത്രി വ്യക്തമാക്കി.
സെമിനാറിൽ മുൻ എം.പി. വൃന്ദ കാരാട്ട്, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മുൻ അംഗം ഡോ. മൃദുൽ ഈപ്പൻ, KREA യൂണിവേഴ്സിറ്റി മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. സോന മിത്ര, മുൻ എം.പി. അഡ്വ. സി.എസ്. സുജാത, മുൻ പ്രൊഫസർ, TISS & SNDT വനിത യൂണിവേഴ്സിറ്റി ഡോ. വിഭൂതി പട്ടേൽ, ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി, ശീതൾ ശ്യാം, കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ മുൻ അംഗം ഡോ. സൈദാ ഹമീദ്, മിനി സുകുമാർ എന്നിവർ സംസാരിച്ചു.