ന്യൂഡൽഹി: കൊച്ചിയിൽ നടിക്കു നേർക്കുണ്ടായ അതിക്രമം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടും പോലീസിനോടും റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാൻ കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരും പോലീസും മതിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും. ഇത്തരം രീതിയിൽ സ്ത്രീകൾക്കെതിരേ അതിക്രമമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും ലളിതാ കുമാരമംഗലം പറഞ്ഞു.