വനിതാ ക്ഷീരകർഷക വിവരശേഖരണ സർവേ- ലോഗോ പ്രകാശനം ചെയ്തു

125

തിരുവനന്തപുരം : ക്ഷീരമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് വനിതാ ക്ഷീര കർഷക സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന മന്ത്രി കെ. രാജു നിർവഹിച്ചു. ക്ഷീരമേഖല ഇന്ന് ശക്തിയാർജിക്കുന്നുവെന്നും പാൽ ഉത്പാദനത്തിലും കന്നുകാലികളുടെ എണ്ണത്തിലും വർധനവാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ സുപ്രധാന പങ്കാളിത്തം സ്ത്രീകളുടേതാണ്.

കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി മനസ്സിലാക്കി സ്ഥായിയായ വനിതാശാക്തീകരണത്തിനായി പുതിയ പദ്ധതികൾ രൂപീകരിക്കാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ജോയിന്റ് ഡയറക്ടർ എ. ഗീത, ഡെപ്യൂട്ടി ഡയറക്ടർ ജീജ സി. കൃഷ്ണൻ, തിരുവനന്തപുരം മേഖലാ യൂണിയൻ പ്രതിനിധി ടി. സുശീല തുടങ്ങിയവർ സംബന്ധിച്ചു.
വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29 ന് കൊല്ലം ചിന്നക്കട സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. എം.പി., എം.എൽ.എമാർ, മിൽമ മേഖലാ യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, ക്ഷീര സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും.

ക്ഷീരസംഘങ്ങളിലെ വനിതകളുടെ അംഗത്വം, സാമൂഹിക അവസ്ഥ, കന്നുകാലികളുടെ എണ്ണം, സാമ്പത്തിക വിവരങ്ങൾ, ലഭിച്ച പരിശീലനങ്ങൾ എന്നിവ സംബന്ധിച്ചാണ് സർവേ. നാലു മാസം കൊണ്ടു സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

NO COMMENTS