വനിതകളുടെ സിനിമ നിർമാണം: ശ്രുതി നമ്പൂതിരിയുടെ തിരക്കഥയ്ക്ക് ഒന്നാം സ്ഥാനം; പട്ടിക വിഭാഗത്തിൽ സനോജും അരുൺ ജെ. മോഹനും

26

വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന സർക്കാർ പദ്ധതിയിയിൽ ശ്രുതി നമ്പൂതിരിയുടെ ‘ബി 32 മുതൽ 44’ വരെ എന്ന തിരക്കഥ ഒന്നാം സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമകൾക്കായുള്ള പദ്ധതിയിൽ വി.എസ്. സനോജിന്റെ ‘അരിക്’ എന്ന തിരക്കഥയും അരുൺ ജെ. മോഹന്റെ ‘പിരതി’ എന്ന തിരക്കഥയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ഫീച്ചർ ചിത്രം നിർമിക്കുന്നതിനു ഡെവലപ്മെ ന്റ്, മാർക്കറ്റിങ് ചെലവുകളടക്കം 150 ലക്ഷം രൂപയാണു സർക്കാർ ചെലവാക്കുന്നത്. കെ.എസ്.എഫ്.ഡി. സിക്കാണു നിർമാണ ചുമതല.

മൂന്നു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണു തിരക്കഥകൾ തെരഞ്ഞെടുത്തതെന്നു മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു നൽകിയ പത്രപരസ്യം അനുസരിച്ചു ലഭിച്ച അപേക്ഷകരെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കൾ, സംവിധായകർ, ചലച്ചിത്ര അധ്യാപകർ എന്നിവർ നേതൃത്വം നൽകിയ ഓൺലൈൻ തിരക്കഥാരചനാ ശിൽപ്പശാലയിലേക്കു ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 79ഉം വനിതകളുടെ വിഭാഗത്തിൽ 41ഉം പ്രൊപ്പോസലുകളാണ് ലഭിച്ചത്.

മധുപാൽ ചെയർമാനും വിനും എബ്രഹാം, ജി.എസ്. വിജയൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണു ശിൽപ്പശാലയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്്. ശിൽപ്പശാലയ്ക്കു ശേഷം വനിതകളുടെ സംവിധാന വിഭാഗത്തിൽ 34ഉം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 56ഉം പേർ ട്രീറ്റ്്മെന്റ് നോട്ട് സമർപ്പിച്ചു. ഡോ. ബിജു ചെയർമാനും കുക്കു പരമേശ്വരൻ, മനോജ് കാന എന്നിവർ അംഗങ്ങളുമായ ജൂറി ഇവ പരിശോധിച്ച് വനിതാ സിനിമ വിഭാഗത്തിൽ 11 പേരോടും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 18 പേരോടും തിരക്കഥ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ലഭിച്ച തിരക്കഥകൾ തിരക്കഥാകൃത്ത് ജോൺപോൾ ചെയർമാനും ഡോ. ബിജു, ഷെറിൻ ഗോവിന്ദ്, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ അംഗങ്ങളുമായ ജൂറി വിലയിരുത്തി തിരക്കഥ സമർപ്പിച്ചവരുമായി അഭിമുഖം നടത്തിയ ശേഷമാണു തെരഞ്ഞെടുത്തത്.

വനിതകളുടെ സംവിധാനത്തിലുള്ള സിനിമ വിഭാഗത്തിൽ രണ്ടു തിരക്കഥകൾക്കു ജൂറി തുല്യ പിന്തുണ നൽകിയതിനാൽ രണ്ടാം സ്ഥാനത്തിന്റെ വിധി നിർണയം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭനായ സ്‌ക്രിപ്റ്റ് റൈറ്ററുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷം പ്രഖ്യാപിക്കും. ബി 32 മുതൽ 44 വരെ, അരിക്, പിരതി എന്നീ ചിത്രങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധാന രംഗത്തു പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ കടുന്നുവരാൻ അദൃശ്യമായ തടസം നേരിടുന്നുവെന്ന തിരിച്ചറിവാണ് ഈ വിഭാഗത്തിനായി നൂതന പദ്ധതി തുടങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നു മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷമാണ് വനിതകളുടെ സിനിമാ നിർമാണ പദ്ധതിക്കു സർക്കാർ തുടക്കമിട്ടത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിധ്യം വിരളമാണെന്ന തിരിച്ചറിവാണ് ഈ പദ്ധതി തുടങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ ഇത്തരം ഒരു സംരംഭം ആവിഷ്‌കരിക്കുന്നത്. ഇതു മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകും. ആദ്യ വർഷം തെരഞ്ഞെടുക്കപ്പെട്ട താരാ രാമാനുജൻ രചനയും സംവിധാനവും നിർവഹിച്ച നിഷിധോ എന്ന ചിത്രം രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രശസ്തമായ ചലച്ചിത്ര മേളകളിലേക്കു ക്ഷണം ലഭിച്ചു. 26-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര വിഭാഗത്തിലേക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രണ്ടാം സ്ഥാനം ലഭിച്ച മിനി ഐ.ജി. സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രവും ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നു മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, മാനേജിങ് ഡയറക്ടർ എൻ. മായ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

NO COMMENTS