തിരുവനന്തപുരം: സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ സ്വയം പ്രതിരോധ പരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി. 2019-20ൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 18,055 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
വിവിധ രാജ്യങ്ങളിലെ സായുധസേനാ വിഭാഗങ്ങൾ പരിശീലിക്കുന്ന ക്രാവ് മാഗ എന്ന ആയോധനകല അടിസ്ഥാനമാക്കിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലനാക്കാനുമുളള പരിശീലനമാണ് ഇതിൽ നൽകുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇതിലൂടെ പ്രതിരോധിക്കാനാവും. തിരഞ്ഞെടുക്കപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ഓരോ ജില്ലയിലും നാലു മാസ്റ്റർ ട്രെയിനർമാരാണുള്ളത്. കേരളത്തിലുടനീളം സ്‌കൂളുകൾ, കോളേജുകൾ, കുടുംബശ്രീയൂണിറ്റുകൾ, ഓഫീസുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം.
ഒരാൾക്ക് 20 മണിക്കൂർ നേരത്തെ പരിശീലനമാണ് നൽകുന്നത്. ഓരോ ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ നേരത്തെ പരിശീലനം നൽകുന്നുണ്ട്. ഓരോ ടീമിന്റെയും സൗകര്യം അനുസരിച്ചാണ് സമയം നിശ്ചയിക്കുക.
തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ 68 സ്‌കൂളുകളിലും 31 കോളേജുകളിലും പരിശീലന പരിപാടി സംഘടിപ്പിച്ചു. തലസ്ഥാനത്തെ 162 കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകളിലും പരിശീലനം പൂർത്തിയായി.
സംസ്ഥാനത്തിന് പുറത്ത് വിവിധ ട്രേഡ് ഫെയറുകളിലും ഇതിന്റെ പ്രാധാന്യം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിലെ അന്താരാഷ്ട്ര ട്രേഡ് ഫെയർ, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന കേരള ട്രേഡ് ഫെയർ എന്നിവിടങ്ങളിലാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്.
പരിശീലനത്തിലൂടെ സ്വയം സുരക്ഷിതരാകാനുള്ള ആത്മവിശ്വാസം തങ്ങൾ കൈവരിച്ചതായി നിരവധി സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. പരിശീലനം പൂർത്തിയാക്കിയ പെൺകുട്ടികൾ ബസുകളിലെ ശല്യപ്പെടുത്തലുകൾ തടഞ്ഞതും, മാലപൊട്ടിക്കാൻ വന്നവരെ പ്രതിരോധിച്ചതുമായ നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അക്രമങ്ങളെ മുൻകൂട്ടി തിരിച്ചറിയുക, അത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടാതിരിക്കുന്നതിനുളള മുൻകരുതലുകൾ പകർന്നു നൽകുക, അക്രമ സാഹചര്യങ്ങളിൽ മനോധൈര്യത്തോടെ അക്രമിയെ നേരിടുന്നതിന് മാനസികവും കായികവുമായി സജ്ജരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ശാരീരികക്ഷമത കൈവരിക്കുന്നതിനുമുളള കായിക പരീശീലനം, അതിക്രമസാഹചര്യങ്ങളിൽ കൂടുതൽ ഊർജം നഷ്ടമാകാതെ അക്രമിയെ കീഴ്‌പെടുത്തുന്നതിനാവശ്യമായ ലഘുവിദ്യകളുടെ പരീശീലനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലപൊട്ടിക്കൽ, ബാഗ് തട്ടിപ്പറിക്കൽ, ശാരീരികമായ അക്രമണങ്ങൾ, ലൈംഗികമായി ഉപദ്രവിക്കാനോ കീഴ്‌പെടുത്താനോ ഉള്ള ശ്രമം, ആസിഡ് അക്രമണം തുടങ്ങി വിവിധ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന അഭ്യാസമുറകളും പരിശീലിപ്പിക്കുന്നുണ്ട്.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലകളിലെ സെൽഫ് ഡിഫൻസ് നോഡൽ ഓഫീസർക്ക് അപേക്ഷ നൽകണം. 9497970323 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർ ചെയ്യാം.