കൊച്ചി: പുലര്‍ച്ചെ നാലു മണിക്കു ശേഷം ആളുകള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് മരടിലെ നാല് വിവാദ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചത്. താത്‌കാലികമായി പകരം സംവിധാനമേര്‍പ്പെടുത്തി പിടിച്ചുനില്‍ക്കുകയാണ് ഫ്ളാറ്റുടമകള്‍. വൈദ്യുതി വിച്ഛേദിക്കുന്നത് പകല്‍ ആവാമായിരുന്നു. രോഗികള്‍, കുട്ടികള്‍ എന്നിവര്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റുടമകള്‍ കുറ്റപ്പെടുത്തി.
26-ന് വൈദ്യുതി വിച്ഛേദിക്കുമെന്നാണ് തലേന്ന് ഉച്ചകഴിഞ്ഞ് ഒട്ടിച്ച നോട്ടീസില്‍ കെ.എസ്.ഇ.ബി. അറിയിച്ചിരുന്നത്. എന്നാല്‍, പുലരുംമുമ്ബേ ഇവര്‍ വലിയ പോലീസ് സന്നാഹത്തോടെ എത്തുകയായിരുന്നു. എല്ലാ ഫ്ളാറ്റുകളിലും ജനറേറ്ററുള്ളതിനാല്‍ തത്‌കാലം ലിഫ്റ്റ് പോലുള്ള അത്യാവശ്യം കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. പാചകവാതക വിതരണം വിച്ഛേദിക്കുമെന്ന് എണ്ണക്കമ്ബനികളും അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് കുടിവെള്ളം വിച്ഛേദിച്ചത്. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചും കുപ്പിവെള്ളം വാങ്ങിയും താമസക്കാര്‍ പിടിച്ചുനില്‍ക്കുകയാണ്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ലാറ്റില്‍ ആദ്യം ലിഫ്റ്റിനും പൊതു സംവിധാനങ്ങള്‍ക്ക് മാത്രമായും ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു. നാലു മണിക്കൂര്‍ കൂടുമ്ബോള്‍ ഓഫ് ചെയ്യേണ്ടി വരുന്നതിനാല്‍ കൂടുതല്‍ ശക്തിയുള്ള ജനറേറ്റര്‍ എത്തിച്ചു. കുട്ടികളില്‍ പലരും വ്യാഴാഴ്ച സ്കൂളില്‍ പോയില്ല. മനുഷ്യാവകാശ ലംഘനം ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ എന്നിവര്‍ക്ക് ഫ്ലാറ്റുടമകള്‍ ഇ-മെയിലില്‍ പരാതി അയച്ചിട്ടുണ്ട്.
എന്തുവന്നാലും ഇറങ്ങില്ല – ബലം പ്രയോഗിച്ച് ഇറക്കിവിടട്ടെ എന്നാണ് ഉടമകളുടെ നിലപാട്. മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെങ്കിലും ദിവസേന കുടിവെള്ളം ടാങ്കറില്‍ എത്തിക്കണമെങ്കിലും വലിയ ചെലവ് വരും.
സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് എല്ലായിടത്തും ക്യാമ്ബ് ചെയ്യുന്നുണ്ട്. ഫ്ളാറ്റുടമകളെ 29 മുതല്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മരട് മുനിസിപ്പാലിറ്റി, ജില്ലാ ഭരണകൂടം, പോലീസ് എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. ഒക്ടോബര്‍ മൂന്നിനാണ് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കേണ്ടത്. ഫ്ളാറ്റ് പൊളിക്കുമ്ബോള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെയും ഒഴിപ്പിക്കണം. ഭൂരിഭാഗം പേരും ഇക്കാര്യം അറിഞ്ഞിട്ടില്ല.
പരിസരത്ത് 9,522 കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ വാണിജ്യ സ്ഥാപനങ്ങളും വന്‍കിട ഹോട്ടലുകളും ഉള്‍പ്പെടുന്നു. ഫ്ളാറ്റ് പൊളിക്കല്‍ 90 ദിവസം നീളും. ഇത്രയും നാള്‍ സമീപവാസികളെ മാറ്റിനിര്‍ത്തുന്നത് പ്രായോഗികമാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 11-ന് പൊളിക്കല്‍ തുടങ്ങും.