സംസ്ഥാനത്ത് ഓട്ടിസം പോലെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിചരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ പരിശീലനം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ (എംസിആർസി) മാർഗ്ഗരേഖാ രൂപീകരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിൽ മാത്രമല്ല, സംസ്ഥാനത്താകെ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പ്രയോജനപ്പെടുത്താവുന്ന വിധത്തിലുള്ള പാഠ്യപദ്ധതിയാണ് രൂപീകരിക്കേണ്ടത് – മന്ത്രി ബിന്ദു പറഞ്ഞു. ഓരോ കുട്ടിയുടെയും വ്യതിരിക്തത അനുസരിച്ചുള്ള സമീപനത്തോടെയാവണം പാഠ്യപദ്ധതി. തൊഴിലുൽപാദനപരമായ കാര്യങ്ങളിലേക്കും ഈ കുട്ടികളെ കൊണ്ടുപോകാനുള്ള പരിശ്രമം ഉണ്ടാകണം – മന്ത്രി പറഞ്ഞു.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിലെ ഭിന്നശേഷിക്കാരായവരുടെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതിനും എംസിആർസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വ്യക്തിഗത പരിപാലന പദ്ധതി, വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി എന്നിവയ്ക്കാവശ്യമായ വിലയിരുത്തൽ, മൂല്യനിർണ്ണയ റിപ്പോർട്ട്, വിവിധ തെറാപ്പി സേവനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി ശില്പശാല ചർച്ച ചെയ്തു. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ശില്പശാല രൂപം നൽകി.