തിരുവനന്തപുരം : തൊഴിലിടങ്ങളിലെ ലിംഗസമത്വം സംബന്ധിച്ച് അസാപിന്റെ നേതൃത്വത്തിൽ എൻഹാൻസിംഗ് ജൻഡർ ഇക്വിറ്റി ഇൻ എംപ്ലോയ്മെന്റ് ആന്റ് ബിസിനസ് ഇൻ കേരള എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച ശില്പശാല പ്രശസ്ത നർത്തകി ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു. ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നതിലൂടെ ഒരു കുടുംബത്തിന് മൊത്തത്തിൽ വിദ്യാഭ്യാസം ലഭ്യമാകുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.ലിംഗഭേദമില്ലാതെ ഏവർക്കും വിദ്യാഭ്യാസം ലഭിക്കുന്ന കേരളത്തിലെ തൊഴിലിടങ്ങളിൽ ലിംഗ അസമത്വം നിലനിൽനിൽക്കുന്നുവെന്നും ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു. അസാപ്പിൽ പരിശീലനം നേടുന്നതിൽ 60 ശതമാനവും പെൺകുട്ടികളാണ്. കേരളത്തിലെ സ്‌കൂളുകളും കോളേജുകളും സ്ത്രീസൗഹൃദമാണെന്നും തൊഴിൽമേഖലകൾ കൂടി ഇത്തരത്തിൽ മാറണമെന്നും മന്ത്രി പറഞ്ഞു.
വൈവിധ്യമാർന്ന ജനതയും സംസ്‌കാരവുമുള്ള ഇന്ത്യയിൽ തൊഴിൽ മേഖലയും വൈവിധ്യത്തിനായി ചിന്തിച്ചു തുടങ്ങണമെന്ന് ഡോ. മല്ലിക സാരാഭായ് പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ സവർണ മേധാവിത്വമാണുള്ളത്. അതിൽപോലും പുരുഷൻമാരാണ് ഭൂരിഭാഗവും. ഈ സ്ഥിതി മാറണം. സ്ത്രീകളെ എല്ലാ തൊഴിൽമേഖലകളിലും പരിഗണിക്കണം. സ്ത്രീസൗഹൃദ തൊഴിൽ വേർതിരിവ് മാറ്റി വിദഗ്ധ തൊഴിൽ, അവിദഗ്ധ തൊഴിൽ എന്ന നിലയിലേക്ക് മാറണം. വീട്ടിലെ ജോലി ഉൾപ്പെടെയുള്ള ജോലികൾ സ്ത്രീകളെപ്പോലെ പുരുഷൻമാരും ചെയ്യാൻ തയാറാകണമെന്നും അവർ പറഞ്ഞു.
തൊഴിലിടങ്ങളിലെ സ്ത്രീ പുരുഷ അന്തരം കുറയ്ക്കൽ നേരിടുന്ന വെല്ലുവിളികൾ, തൊഴിലിടങ്ങളിലെ അന്തരീക്ഷം സ്ത്രീ സൗഹൃദമാക്കുന്നതുവഴി സ്ത്രീ പ്രാതിനിധ്യം കൂട്ടാനുള്ള വഴികൾ, സ്ത്രീസൗഹാർദ നിയമങ്ങൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കൽ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. ആനന്ദി എക്സിക്യൂട്ടീവ് ഡയറക്ടർ സേജെൽ ഡാൻഡ്, ബിസിജി ബിൽഡേഴ്സ് സി. ഇ. ഒ.രേഖ ബാബു, സംസ്ഥാന പ്ലാനിംഗ് ബോർഡംഗം മൃദുൽ കെ. ഈപ്പൻ തുടങ്ങിയവർ വിഷയാവതരണം നടത്തി. ചർച്ചയിൽ ക്രോഡീകരിക്കുന്ന ആശയങ്ങളുടെ റിപ്പോർട്ട് സർക്കാരിന്റെയും സ്വകാര്യസ്ഥാപനങ്ങളുടെയും പരിഗണനയ്ക്കായി അസാപ് സമർപ്പിക്കും. അസാപ് സി. ഇ. ഒ. ഡോ. വീണ എൻ. മാധവൻ, അനിൽകുമാർ ടി. വി. തുടങ്ങിയവർ സംബന്ധിച്ചു.