2004 മുതലാണ് ലോകാരോഗ്യ സംഘടന രക്തദാതാക്കൾക്കായി ഒരു ദിനം ആചരിച്ചു തുടങ്ങിയത്. രക്തദാനത്തിൻറെ മഹത്വം ജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കുക, അതിനായി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കണക്കുകൾ പ്രകാരം മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നദ്ധ രക്തദാതാക്കളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. സ്വന്തമിഷ്ട പ്രകാരം പ്രതിഫലേച്ഛ കൂടാതെ രക്തം നൽകുന്നവരെയാണ് സന്നദ്ധ രക്തദാതാക്കൾ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാഗ്യവശാൽ നമ്മുടെ യുവജനങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള സന്നദ്ധ രക്തദാതാക്കളാണ്. അതിനായി അവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ഒരു മനുഷ്യന്റെ ശരീരത്തിൽ ഏകദേശം അഞ്ചര ലിറ്റർ രക്തമാമുള്ളത്. ഒരു തവണ രക്തം കൊടുക്കുമ്പോൾ 350 മില്ലി ലിറ്റർ മാത്രമാണ് നമ്മുടെ ശരീരത്തിൽ നിന്നെടുക്കുന്നത്. ഇതുകൊണ്ട് യാതൊരുവിധ തളർച്ചയോ രക്തക്കുറവോ നമുക്കുണ്ടാകുന്നില്ല. നമ്മൾ കൊടുക്കുന്ന രക്തത്തിന് മറ്റൊരു ജീവൻ രക്ഷിക്കുക എന്ന കർത്തവ്യമാണുള്ളത്. അതുകൊണ്ടുതന്നെ രക്തം നലകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. 18-നും 50-നും ഇടയിൽ പ്രായമുള്ളവരുടെയും ശരീരഭാരം 50 കിലോയിലധികമുള്ളവരുടെയും രക്തമാണ് സ്വീകരിക്കാറുള്ളത്. ഏതെങ്കിലും മരുന്നുകളോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നവരും രോഗങ്ങളുള്ളവരും രക്തം ദാനം ചെയ്യരുത്. ഇത് ഗുണത്തേക്കാളേറെ ദോഷത്തിന് വഴിയൊരുക്കും. ബ്ലഡ് ബാങ്കുകളിൽ രക്തം സ്വീകരിക്കുന്നതിന് മുൻപ് ദാതാവിന് ഏന്തെങ്കിലും രോഗങ്ങളുണ്ടോയെന്ന് സ്ക്രീനിങ്ങ് നടത്താറുണ്ട്.
മഞ്ഞപിത്തം, മലമ്പനി, എയ്ഡ്സ് തുടങ്ങിയ മിക്ക രോഗങ്ങളും സ്ക്രീനിങ്ങിലൂടെ അറിയാൻ സാധിക്കും. രക്തദാനം ജീവൻ രക്ഷിക്കുന്നതിനാണ്, നമ്മുടെ അശ്രദ്ധമൂലം ഒരു ജീവൻ പൊലിയാൻ ഇടവരരുത്. മരുന്നുകളോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചവർ 48 മണിക്കൂറിനുള്ളിൽ രക്തം ദാനം ചെയ്യരുത്. പുരുഷന്മാർക്ക് മൂന്ന് മാസം കൂടുമ്പോഴും സ്ത്രീകൾക്ക് നാല് മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാവുന്നതാണ്. നമ്മൾ ഒരിക്കൽ കൊടുത്ത രക്തത്തിന്റെ തുല്യ അളവ് ഈ സമയത്തിനുള്ളിൽ ശരീരത്തിൽ പുനർനിർമ്മിക്കപ്പെടും. രക്തസമ്മർദ്ദം അനീമിയ എന്നിവയുള്ളവരും രക്തം ദാനം ചെയ്യരുത്.
നമ്മൾ രക്തം നൽകുമ്പോൾ സ്വീകരിക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് പുറമേ നമ്മുടെ ആരോഗ്യം വർദ്ധിക്കാനും ഇടയാകുന്നു. രക്തദാനം നമ്മുടെ രക്തകോശങ്ങളുൽപ്പാദിപ്പിക്കുന്ന മജ്ജയെ പ്രവർത്തനനിരതമാക്കുന്നു. ഇതുവഴി പുതിയ രക്താണുക്കൾ ശരീരത്തിലുണ്ടാകുകയും ദാതാവിനെ ഊർജസ്വലതയോടെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ നമ്മൾ ഒരു തവണ രക്തം കൊടുക്കുമ്പോൾ അത് നാല് പേർക്കാണ് ഉകാരപ്പെടുന്നത്. രക്തത്തെ പ്ലേറ്റ്ലെറ്റസ്, പ്ലാസ്മ, ശ്വേതരക്താണുക്കൾ, അരുണരക്താണുക്കൾ എന്നീ നാല് ഘടകങ്ങളാക്കി തിരിച്ച് സ്വീകർത്താവിന് ആവശ്യമായി വരുന്നതനുസരിച്ച് ഇതിൽ നിന്ന് സ്വീകരിക്കുന്നു. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറയുന്നത് ജീവന് തന്നെ ഭീഷണിയാണ്. രക്തം ദാനം ചെയ്യുന്നതുവഴി മറ്റൊരാൾക്ക് ജീവിക്കാനുള്ള അവസരമാണ് നാം നൽകുന്നത്. ഇതു കൊണ്ടുതന്നെയാണ് രകതദാനം മഹാദാനമാണെന്ന് പറയുന്നത്. രക്തദാതാക്കളുടെ ദിനം ഇതുവരെ രക്തം ദാനം ചെയ്യാത്തവർക്ക് അതിനുള്ള ഒരു പ്രചോദനമാകട്ടെ.
ജെനി എലിസബത്ത്.
നെറ്റ് മലയാളം.