ലണ്ടൻ: പ്രതീക്ഷകളുടെ ഭാരവുംപേറി ഇംഗ്ലണ്ടിലിറങ്ങിയ ടീം ഇന്ത്യ വിറച്ചു വീണു. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് പേസ് ആക്രമണത്തിനു മറുപടിയില്ലാതെ ഇന്ത്യ നാണം കെട്ടു. 179 റണ്‍സിന് ഇന്ത്യ പുറത്തായപ്പോൾ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ന്യൂസിലൻഡ് ലക്ഷ്യത്തിലെത്തി. 39.2 ഓവറിലാണ് ഇന്ത്യ പുറത്തായത്. 37.1 ഓവറിൽ 180 റണ്‍സ് എടുത്ത് കിവികൾ ജയം കൊത്തിയെടുത്തു. പേരുകേട്ട ബാറ്റിംഗ് നിരയാണെങ്കിലും കെന്നിംഗ്ടണ്‍ ഓവലിൽ ഇന്ത്യയുടെ മുട്ടുകൂട്ടിയിടിച്ചു.
കിവീസ് പേസർമാർക്കു മുന്നിൽ ഇന്ത്യക്കു മറുപടിയില്ലാതായി. കിവീസ് ബൗളർമാരുടെ സ്വിംഗിനു മുന്നിൽ മറുപടിയില്ലാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുഴങ്ങുന്ന കാഴ്ചയാണ് കണ്ടത്.
ഓപ്പണർമാരായ രോഹിത് ശർമയും (രണ്ട് റണ്‍സ്) ശിഖർ ധവാനും (രണ്ട് റണ്‍സ്) സ്കോർ 10ൽ എത്തിയപ്പോൾ കൂടാരംകയറി.
രോഹിത് ബോൾട്ടിനു മുന്നിൽ എൽബിയായപ്പോൾ ധവാൻ ടോം ബ്ലെൻഡലിനു ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ കെ.എൽ. രാഹുൽ (ആറ് റണ്‍സ്) ഇൻസൈഡ് എഡ്ജായി ബൗൾഡായി. തുടർന്ന് വിരാട് കോഹ്ലിയും (18 റണ്‍സ്) ഹാർദിക് പാണ്ഡ്യയും (30 റണ്‍സ്) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ക്യാപ്റ്റനെ ഗ്രാൻഡ്ഹോം പുറത്താക്കി.
20-ാം ഓവറിൽ ഹാർദിക്കും മടങ്ങി. 37 പന്തുകൾ നേരിട്ട ഹാർദിക്ക്, ആറു ബൗണ്ടറികളടക്കമാണ് 30 റണ്‍സെടുത്തത്. എം.എസ്. ധോണിയും (17 റണ്‍സ്) ദിനേശ് കാർത്തികും (നാല് റണ്‍സ്) സമയം കളയാതെ തിരിച്ചുപോയി. ഒന്‍പതാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കൂട്ടിച്ചേർത്ത 62 റണ്‍സാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
50 പന്ത് നേരിട്ട ജഡേജ ആറു ബൗണ്ടറിയും രണ്ടു സിക്സും അടക്കം 54 റണ്‍സ് നേടി മികച്ച പോരാട്ടം കാഴ്ചവച്ചു. 19 റണ്‍സെടുത്ത കുൽദീപിനെ ബോൾട്ട് മടക്കിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് അവസാനമായി. കിവീസിനായി ബോൾട്ട് 33 റണ്‍സ് വഴങ്ങി നാലും നീഷാം 26 റണ്‍സ് നല്കി മൂന്നും വിക്കറ്റ് വീഴ്ത്തി.
കിവീസ് തിരിച്ചടി
ന്യൂസിലൻഡ് പേസർമാർ വിഹരിച്ച പിച്ചിൽ ഇന്ത്യയുടെ പേരുകേട്ട ബൗളിംഗ് നിരയ്ക്കു കാര്യങ്ങൾ അനുകൂലമായില്ല. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ കോളിൻ മണ്‍റോയെ എൽബിഡബ്ല്യുവിൽ കുടുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നല്കി. സ്കോർ 37ൽ നിൽക്കുന്പോൾ മാർട്ടിൻ ഗപ്റ്റിലിനെ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ. രാഹുൽ മികച്ചൊരു ക്യാച്ചിലൂടെ പറഞ്ഞയച്ചു. എന്നാൽ, മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (67 റണ്‍സ്) റോസ് ടെയ്ലറും ചേർന്ന് കിവീസിനെ ജയത്തിലേക്ക് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇവർ 114 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. ടെയ്ലർ 70 റണ്‍സുമായി പുറത്താകാതെനിന്നു.
അന്ന് അമീർ, ഇന്ന് ബോൾട്ട്
പേസ് ആക്രമണത്തിനു മുന്നിൽ മറുപടിയില്ലാതെ ഒരിക്കൽക്കൂടി ഇന്ത്യ കെന്നിംഗ്ടണ്‍ ഓവലിൽ വിറച്ചുനിന്നു. 2017 ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിലായിരുന്നു ഓവലിൽ ഇന്ത്യ മുന്‍പ് അടിപതറിയത്. അന്ന് പാക് പേസറായ മുഹമ്മദ് അമീറിനു മുന്നിൽ ഇന്ത്യ മുട്ടുമടക്കി. അതോടെ ഇന്ത്യ ചാന്പ്യൻസ് ട്രോഫി കിരീടം പാക്കിസ്ഥാനു മുന്നിൽ അടിയറവച്ചു.
ഇത്തവണ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ കടപുഴകിയത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കിവീസ് പേസിനു മുന്നിൽ ഇന്ത്യ നാലിന് 39 എന്ന നിലയിലേക്ക് വീണു.