ലണ്ടന്‍: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി. ധവാന്റെ സെഞ്ചുറിയും രോഹിത്തിന്റെയും കോഹ്ലിയുടെയും അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്കോറാണിത്.ഓസീസിനെതിരെ സാവധാനത്തില്‍ തുടങ്ങി കൊട്ടിക്കയറുകയായിരുന്നു ഇന്ത്യ. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട ഓസീസ് പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണറുമാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിട്ടത്. ഓപ്പണറുമാര്‍ കരുതലോടെ തുടങ്ങിയതോടെ മത്സരത്തില്‍ ഒര ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു.
രോഹിത്ത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 70 പന്തില്‍ 57 റണ്‍സാണ് രോഹിത്തിന്റെ സന്പാദ്യം. 127 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് രോഹിത്തും ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തത്. 109 പന്തുകള്‍ നേരിട്ട ധവാന് 16 ബൗണ്ടറികളോടെയാണ് 117 റണ്‍സാണ് അടിച്ചുകൂടിയത്. ലോകകപ്പില്‍ ധവാന് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാന് നേടുന്ന നാലാമത്തെ സെഞ്ചുറിയും.
രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലിയുടെ വെടിക്കെട്ടാണ് പിന്നീട് കാണുവാന്‍ സാധിച്ചത്. 77 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് കോഹ്ലി നേടിയത്. ഹാര്‍ദിക് പാണ്ഡ്യയും കോഹ്ലിക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. വെറും 27 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.പാണ്ഡ്യയ്ക്കു പിന്നാലെ ക്രീസിലെത്തിയ എം.എസ്. ധോണിയും കരുതിവച്ചത് വെടിക്കെട്ട് ബാറ്റിംഗ് തന്നെ. 14 പന്തില്‍ 27 റണ്‍സാണ് ധോണി നേടിയത്. മൂന്ന് പന്തില്‍ 11 റണ്‍സ് ലോകേഷ് രാഹുലും നേടി.
ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കൂള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.