ബിര്‍മിങാം: ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്കു ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പ് സെമിയില്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന ചരിത്രവുമായാണ് ഓസ്ട്രേലിയ ബിര്‍മിങാമില്‍ ഇറങ്ങുന്നത്. ഏഴു തവണ ഫൈനല്‍ കളിച്ചിട്ടുള്ള ഓസീസ് അഞ്ച് വട്ടം ചാമ്ബ്യന്മാരായിട്ടുണ്ട്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് എത്തുന്നത്.
ഓസീസ് ടീമില്‍ ഒരു മാറ്റം വരുത്തി. പരുക്കേറ്റ ഉസ്മാന് കവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്സ്കോംബ് ടീമിലെത്തി. പ്രതീക്ഷിച്ചതുപോലെ ഇംഗ്ലണ്ട് ടീമില്‍ മാറ്റമില്ല. ലീഗ് റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 64 റണ്‍സ് ജയം ഓസ്ട്രേലിയ സ്വന്തമാക്കി. എന്നാല്‍, അന്നത്തെ ഇംഗ്ലീഷ് സംഘമല്ല ഇന്നുള്ളത്. ഓപ്പണര്‍ ജേസണ്‍ റോയ് മടങ്ങിയെത്തിയത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തിനും ആക്രമണ ബാറ്റിംഗിനും ഉത്തേജകമായിട്ടുണ്ട്.
ഫോമിലുള്ള ഓപ്പണര്‍മാരാണ് ഇംഗ്ലണ്ടിന്റെയും (ജേസണ്‍ റോയ് – ജോണി ബെയര്‍സ്റ്റോ) ഓസ്ട്രേലിയയുടെയും (ഡേവിഡ് വാര്‍ണര്‍ – ആരോണ്‍ ഫിഞ്ച്) കരുത്ത്. ഒപ്പം വിക്കറ്റ് വീഴ്ത്തുന്ന പേസര്‍മാരും. ഓസീസ് ബൗളിംഗ് നയിക്കുന്നത് 26 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ്. ഇംഗ്ലണ്ടിന്റേതാകട്ടെ 17 വിക്കറ്റുള്ള ജോഫ്ര ആര്‍ച്ചറും. പരിക്ക് ഓസീസ് ടീമിനെ അലട്ടുന്നുണ്ട്.