ദോഹ:ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ലോകകപ്പ് ആതിഥേയരും ഏഷ്യന്‍ ചാമ്ബ്യന്‍മാരുമായ ഖത്തറാണ് ഇന്ത്യയ്ക്ക് എതിരാളി. ഇന്ത്യന്‍ സമയം രാത്രി പത്തുമുതല്‍ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യമത്സരത്തില്‍ ഒമാനോട് തോറ്റാണ് ഇന്ത്യയുടെ വരവ്. അതേസമയം യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ (6-0) തകര്‍ത്തിരുന്നു. 81-ാം മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നശേഷമായിരുന്നു ഒമാനെതിരേ ഇന്ത്യ തോറ്റത്. എന്നാല്‍, തുടക്കംമുതല്‍ ഒമാനെ വിറപ്പിക്കാന്‍ ഇഗോര്‍ സ്റ്റിമാച്ചിനും സംഘത്തിനുമായി. ആദ്യമത്സരത്തിലെ ടീമില്‍നിന്ന് കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ്, സുനില്‍ ഛേത്രി എന്നിവര്‍ക്ക് ആദ്യമത്സരത്തില്‍ തിളങ്ങാനായി. മധ്യനിരയിലും പ്രതിരോധത്തിലും മാറ്റം കൊണ്ടുവരാന്‍ പരിശീലകന്‍ തീരുമാനിച്ചാല്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും അനസ് എടത്തൊടികയും കളിച്ചേക്കും. അല്‍മോസ് അലി, യൂസുഫ് അബ്ദുരിസാഗ്, അഫിഫ് എന്നിവരിലാണ് ഖത്തറിന്റെ പ്രതീക്ഷ.
പരിക്കിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ചൊവ്വാഴ്ച കളിക്കുമോ എന്ന് സംശയമുണ്ട്. ഒമാനെതിരേ ഇന്ത്യയുടെ ഏകഗോള്‍ നേടിയതും ഛേത്രിയായിരുന്നു. മികച്ച ഫോമിലാണെങ്കിലും ക്യാപ്റ്റന്‍ ദോഹയില്‍ പരിശീലനത്തിനിറങ്ങിയില്ല. ക്യാപ്റ്റന്‍ കളിച്ചില്ലെങ്കില്‍ ബല്‍വന്ത് സിങ്, മന്‍വിര്‍ സിങ് എന്നിവരിലാരെങ്കിലു മൊരാളാ യിരിക്കും കളത്തിലിറങ്ങുക.