ജനിച്ചു വീഴുമ്പോൾ അവൻ അറിയുന്നില്ലല്ലോ തനിക്ക് കളിക്കാനോ, ചിരിക്കാനോ, പഠിക്കാനോ ഒന്നിനും സ്വാതന്ത്ര്യം ഇല്ലെന്ന്. ചെറുപ്രായത്തിലെ ബാലവേലയെന്ന വിപത്തിൽപ്പെട്ടു പോയ കുരുന്നുകളെ അതിൽനിന്ന് മോചിപ്പിക്കാനും അവരെ സംരക്ഷിക്കാനും ലോകത്തെ ഓർമിപ്പിക്കുന്ന ഒരു ദിനം.
ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യതയും,കൂടാതെ കുട്ടികൾക്കായി പ്രത്യക അവകാശങ്ങളും നിയമപരിരക്ഷയും വാഗ്ദാനം ചെയ്യുന്നു . എങ്കിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാലവേലക്കുള്ള കാരണങ്ങളായി ദാരിദ്ര്യവും,സംഘർഷങ്ങളും, പ്രകൃതിഷോഭവും, ദേശാടനവും, നിരക്ഷരതയും എല്ലാം നമുക്ക് ചൂണ്ടി കാണിക്കാം. ഇന്റർനാഷണൽ ലേബർ ഒർഗനൈസേഷന്റെ കണക്കനുസരിച്ച് 218 ദശലക്ഷം കുട്ടികൾ ഇന്നും ബാലവേലയുടെ ഇരകളാകുന്നു. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നാണ് ഇവരിൽ ഭൂരിഭാഗവും.
ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞു വരുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.കടകളിലും, ഫാക്ടറികളിലും, ഭക്ഷണശാലകളിലും, ഖനികളിലും, വീട്ടുജോലികളിലും എല്ലാം എരിഞ്ഞു തീരുന്ന ലക്ഷകണക്കിനു ബാല്യങ്ങളെ ഇന്നും ഇന്ത്യയിൽ നമുക്ക് കാണാൻ സാധിക്കും. ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഓരോ തൊഴിലിടങ്ങളിലും നടക്കുന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്കു പുറമെ ലൈംഗിക അതിക്രമണങ്ങൾക്കും ഇവർ ഇരകളാകുന്നു. ചെറുപ്രായത്തിലെ ഉണ്ടാവുന്ന ഈ അരക്ഷിതാവസ്ഥ കുട്ടികളുടെ ഭാവിജീവിതത്തെയും കാര്യമായി ബാധിക്കുന്നു. രാജ്യാന്തര തൊഴിൽ സഘടനയുടെ ആഹ്വാന പ്രകാരം 2002 മുതൽ ജൂൺ12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
നയന ജോർജ്ജ്.
നെറ്റ് മലയാളം ഓൺലൈൻ ന്യൂസ്