ലോക പ്രമേഹദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

32

പ്രമേഹ പരിരക്ഷ പ്രാപ്യമാക്കുകയെന്ന സന്ദേശമുയര്‍ത്തി തിരുവനന്തപുരം പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസില്‍ ലോകപ്രമേഹദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശൈലി ആപ്പിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് ശൈലി ആപ്പിലൂടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കാനും, ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കൃത്യമായ മരുന്നുകള്‍ നല്‍കി ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാനും രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ശൈലി ആപ്പിലൂടെ നിലവില്‍ 25 ലക്ഷം പേരില്‍ നടത്തിയ പരിശോധനയില്‍ 19,000 പേര്‍ക്ക് പ്രമേഹ രോഗവും 11,000 പേര്‍ക്ക് പ്രമേഹവും രക്താദിസമ്മര്‍ദ്ദവും കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെ ന്നും മന്ത്രി പറഞ്ഞു.

പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് കോമ്പൗണ്ടില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും പ്രമേഹ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എന്റോക്രൈനോളജി ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ഒരുക്കിയിരുന്നു. കൂട്ടനടത്തം, സൈക്കിള്‍ റാലി, കുട്ടികളുടെ ചിത്രരചന മത്സരങ്ങള്‍ എന്നിവയും പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍ അധ്യക്ഷ നായിരുന്നു. മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്‍ അനില്‍കുമാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ.പി.കെ ജബ്ബാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ലിനറ്റ് മോറിസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ബിപിന്‍ ഗോപാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

NO COMMENTS

LEAVE A REPLY