കണ്ണൂർ : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. സമാനതകളില്ലാത്ത നേട്ടങ്ങളാണ് ആരോഗ്യ മേഖലയില്‍ സംസ്ഥാനം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സങ്കീര്‍ണമായ വിവിധ രോഗങ്ങള്‍ കേരളത്തെ പിടികൂടിയപ്പോള്‍ അത് പ്രതിരോധിക്കാനും ഇച്ഛാശക്തിയോടെ നേരിട്ട് കേരള ജനതയെ സംരക്ഷിക്കാനും ആരോഗ്യമേഖലക്കായി. അത്യാധുനിക സംവിധാനങ്ങളുള്‍പ്പെടെ സജ്ജീകരിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍ പുരോഗതിയുടെ പാതയിലാണ്.
മഴക്കാലമായതിനാല്‍ രോഗങ്ങള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ പോലുള്ള പ്രവൃത്തികളാണ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി എം ഒ ഡോ.ഇ മോഹനന്‍ ദിനാചരണ സന്ദേശം നല്‍കി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി ലേഖ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി സന്തോഷ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ജി അശ്വിന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എം കെ ഷാജ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ജോസ് ജോണ്‍, ഐ എ പി. കണ്ണൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ഡി കെ അജിത്ത് സുഭാഷ്, ചോല സുരക്ഷാ പ്രൊജക്ട് ഡയറക്ടര്‍ വി പി മുനീറ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ ദത്തന്‍, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ എന്‍ അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ‘ഹെപ്പറ്റൈറ്റിസ് ‘പ്രതിരോധവും നിയന്ത്രണവും’ എന്ന വിഷയത്തില്‍ ഫിസിഷ്യന്‍ ഡോ.എന്‍ അഭിലാഷ് ക്ലാസ്സെടുത്തു.