ലോക ഹൈഡ്രോഗ്രാഫി ദിനാഘോഷം 21ന്

175

സംസ്ഥാന സർക്കാരിന്റെ ഹൈഡ്രോഗ്രാഫിക് സർവേ വിംഗിന്റെ ആഭിമുഖ്യത്തിൽ 21ന് ലോക ഹൈഡ്രോഗ്രാഫി ദിനം ആഘോഷിക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

മേയർ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, വിഴിഞ്ഞം സീപ്പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ തുടങ്ങിയവർ സംബന്ധിക്കും. ചീഫ് ഹൈഡ്രോഗ്രാഫർ എ.പി. സുരേന്ദ്രലാൽ സ്വാഗതവും ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫർ വി. ജിറോഷ്‌കുമാർ കൃതജ്ഞതയും പറയും. തുടർന്ന് വിവിധ സെഷനുകളായി സെമിനാർ, എക്‌സിബിഷൻ, ജീവനക്കാർ ട്രെയിനിംഗ് എന്നിവ നടക്കും. ‘സാമുദ്രിക വിവരശേഖരണത്തിൽ ഹൈഡ്രോഗ്രാഫി അറിവുകളുടെ സംഭാവന’ എന്നതാണ് ഈ വർഷത്തെ ദിനാഘോഷത്തിന്റെ ആശയം.

നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിന് കേരള തീരത്തെ കടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഹൈഡ്രോഗ്രാഫിക് വിംഗ് ശേഖരിച്ചുനൽകുന്നത്. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനുവേണ്ടി വിവരശേഖരണവും, കേരളതീരത്തിന്റെ ഡിജിറ്റൈസേഷൻ ചാർട്ടും വിംഗ് തയാറാക്കുന്നുണ്ട്.

NO COMMENTS