തിരുവനന്തപുരം : രണ്ടാം ലോക കേരള സഭ വിജയിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ പ്രവാസി സംഘടനകളുടെ യോഗം തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്നു. 100 ൽ അധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും സംഘാടക സമിതിക്ക് രൂപം നൽകുകയും ചെയ്തു.
ബിനോയ് വിശ്വം എം.പി, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവർ രക്ഷാധികാരികളായും സുനീർ ഖാൻ ചെയർമാനായും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ. സി. സജീവ് തൈക്കാട് ജനറൽ കൺവീനറായും 31 പേരെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മറ്റിയും 101 പേരെ ഉൾപ്പെടുത്തി ജനറൽ കൗൺസിലും രൂപീകരിച്ചു.
2020 ജനുവരി ഒന്നിന് നടക്കുന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിന് 5000 പ്രതിനിധികളെ പങ്കെടുപ്പിക്കാ നും, 2,3 തീയതികളിൽ നടക്കുന്ന ഓപ്പൺ ഫോറം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരി കൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീശ്, വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ സുനീർ ഖാൻ, അജിത കുമാരി, ബാദുഷ കടലുണ്ടി, ഡി. അനിൽകുമാർ, കെ. പി. ഇബ്രാഹിം, വിനോദ് കുമാർ, കബീർ സലാല തുടങ്ങിയവർ പങ്കെടുത്തു.