ഇന്ന് ലോക വനിതാദിനം. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പക്ഷെ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഇന്നും സ്ത്രീയുടെ അവസ്ഥ എന്താണ്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഭൂമിയിൽ ലിംഗ സമത്വം യാഥാർഥ്യമാകാൻ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേൾഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2016 പറയുന്നത്. 144 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എക്കണോമിക് ഫോറം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസം , സാമ്പത്തികം, രാഷ്ട്രീയം , ആരോഗ്യം എന്നിങ്ങനെ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്. യൂറോപ്യൻ രാജ്യങ്ങളായ ഐസ്‍ലാന്റ് ,ഫിൻലാന്റ് ,നോർവെ , സ്വീഡൻ എന്നിവിടങ്ങിളിലാണ് റിപ്പോർട്ട് പ്രകാരം ലിംഗ അസമത്വം ഏറ്റവും കുറവ്. യെമനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ള രാജ്യം , തൊട്ടുപിന്നിൽ പാകിസ്ഥാൻ. ഇന്ത്യ 87-ാം സ്ഥാനത്താണ്. ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകൾ ഇന്നും എല്ലാ അവസ്ഥയിലും പുരുഷനേക്കാൾ ഏറെ പിന്നിലാണ്. സ്ത്രീകൾക്ക് തുല്യതക്കായി 2186 വരെ കാത്തിരിക്കണം എന്ന് പറയുന്നതിനെക്കാൾ വലിയ അനീതി ഭൂമിയിൽ വേറെയില്ലെന്നുറപ്പ്. അതുകൊണ്ടാണ് 2030 ഓടെ തൊഴിലിടങ്ങളിലെ തുല്യതയെന്ന ലക്ഷ്യം ഐക്യരാഷ്ട്ര സഭ ഈ വർഷം മുന്നോട്ട് വയ്ക്കുന്നത്. ” മാറ്റത്തിനായി സധൈര്യം മുന്നോട്ട്”എന്ന വനിതാദിനത്തിന്റെ ആഹ്വാനം സ്ത്രീകളോട് മാത്രമുള്ളതല്ല, അത് പുരുഷനോട് കൂടി ഉള്ളതാണ്.