തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ് വൈദികരടക്കം 120 പേര്‍ക്കെതിരേ കേസ്. ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണു പോലീസ് കേസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അവകാശത്തര്‍ക്കം നടക്കുന്ന സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 20 പേര്‍ക്കു പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിലാണ്. പള്ളിക്കുള്ളില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന യാക്കോബായ സഭാംഗങ്ങള്‍ക്കും പുറത്ത് പ്രാര്‍ഥനായജ്ഞത്തില്‍ പങ്കെടുത്തിരുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും കല്ലേറില്‍ പരുക്കേറ്റു.
സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ കയറി പ്രാര്‍ഥന നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്ഞം ആരംഭിച്ചത്. യാക്കോബായ സഭക്കാര് പ്രധാന ഗേറ്റ് പൂട്ടി പള്ളിക്കുള്ളില്‍ പ്രാര്‍ഥനായജ്ഞം നടത്തിവരികയായിരുന്നു.