കൊല്ലം : ഒന്നുകില്‍ കടലില്‍ മരണം. അല്ലെ ങ്കില്‍ നാട്ടിൽ രണ്ടും കല്‍പിച്ചായിരുന്നു യാത്ര – മത്സ്യത്തൊഴിലാളി കൊല്ലം മയ്യനാട് മുക്കില്‍ നൗഷാദ് ഇബ്രാഹിം (49) പറയു ന്നു. ഗള്‍ഫില്‍ തൊഴില്‍തേടി പോയ ഇവര്‍ യെമനില്‍ നിന്ന് മത്സ്യബന്ധന ബോട്ടില്‍ പലാ യനം ചെയ്താണ് കൊച്ചിയിലെത്തിയത്.
കരകാണാക്കടലിലൂടെയുള്ള 11 ദിവസത്തെ യാത്രയ്ക്കിടെ കാറ്റും മഴയും പലപ്പോഴും ദിശ തെറ്റിച്ചു. എങ്കിലും ഒടുവില്‍ നാട്ടിലെത്തിയതി ന്റെ ആശ്വാസത്തിലായിരുന്നു നൗഷാദും കൊല്ലം പരവൂര്‍ സ്വദേശി അലിയാര്‍ നിസാറും (44). കൊച്ചിയില്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ കുടുംബാംഗങ്ങളെ കണ്ടപ്പോള്‍ അവര്‍ ക്ക് സന്തോഷം അടക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിസിറ്റിങ് വീസയില്‍ ഷാര്‍ജയിലേക്ക് പുറപ്പെട്ടതാണ് 9 മത്സ്യത്തൊഴിലാളികള്‍. അജ്മാനില്‍ എത്തിയ ഇവരെ ഒമാനിലേക്ക് കൊണ്ടുപോകാമെന്ന് സ്പോണ്‍സര്‍ പറഞ്ഞു. എന്നാല്‍, എത്തിയത് യെമനിലാണെന്ന് ഇവര്‍ അറിഞ്ഞതു തന്നെ പിന്നീടാണ്. ജോലി അതികഠിനമായിരുന്നുവെന്ന് നൗഷാദും നിസാറും പറഞ്ഞു.
മത്സ്യബന്ധനത്തിനു പോയാല്‍ 15 ദിവസം കഴിയുമ്ബോഴാണ് കരയിലെത്തുക. 3 ട്രിപ്പ് പോകുമ്ബോഴാണ് ഒരു ട്രിപ്പിന്റെ പൈസ കിട്ടുന്നത്. ബോട്ടില്‍ തന്നെയായിരുന്നു താമസം. യെമന്‍ വീസ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴയുമായിരുന്നില്ല. പിന്നീട് ബോട്ടിനുള്ള ഇന്ധനവും ദിവസം ഒരു നേരത്തെ ഭക്ഷണവും മാത്രമായി.
സ്പോണ്‍സര്‍ കടകളില്‍ വിളിച്ചു പറഞ്ഞതോടെ കടകളില്‍ നിന്ന് ആഹാരവും കിട്ടാതായെന്ന് നൗഷാദ് പറഞ്ഞു. 3 മാസം മുന്‍പാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ എല്ലാവരും കൂടി തീരുമാനിച്ചത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുമെങ്കിലും ബുദ്ധിമുട്ടുകള്‍ അവരെ അറിയിച്ചില്ല. ജോലിത്തിരക്ക് കൊണ്ടാണ് വിളിക്കാത്തതെന്ന് പറഞ്ഞ് പലരും വീട്ടുകാരെ വിഷമിപ്പിച്ചില്ല. കിട്ടുന്നതില്‍ പകുതി എന്ന കരാറിലായിരുന്നു ജോലിക്ക് പോയത്.
മത്സ്യബന്ധനത്തിനായി ലഭിക്കുന്ന ഇന്ധനത്തില്‍ നിന്ന് കുറെ മാറ്റിവച്ചാണ് മടങ്ങാനുള്ള ഇന്ധനം സ്വരുക്കൂട്ടിയത്. ഇന്ധനം 4000 ലീറ്റര്‍ ആയപ്പോഴാണ് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലേക്ക് ഓടിയെത്താന്‍ ഇത്രയും ഇന്ധനം മതിയാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മത്സ്യബന്ധനത്തിനാണെന്ന രീതിയില്‍ ആഹാരസാധനങ്ങളെല്ലാം കയറ്റി 19ന് ബോട്ടില്‍ യാത്ര പുറപ്പെട്ടു. 26ന് ലക്ഷദ്വീപിന് അടുത്തെത്തിയതായി സിഗ്നല്‍ കണ്ട് മനസ്സിലാക്കി. ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ മുഖേന കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചു.
നാവികസേനയുടെ വിമാനം കണ്ടപ്പോള്‍ സ്പ്രേ പെയിന്റ് കൊണ്ട് ഇന്ത്യ എന്ന് ബോട്ടില്‍ എഴുതി അവരുടെ ശ്രദ്ധ പിടിച്ചുപറ്റി. വിമാനം 3 വട്ടം ബോട്ടിനെ വലംവച്ച ശേഷം മടങ്ങിയതോടെ പ്രതീക്ഷ വര്‍ധിച്ചു. പിന്നീടാണ് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ എത്തിയത്. 2 പേരൊഴികെ ബാക്കിയുള്ളവരെ കപ്പലില്‍ കയറ്റി. 2 പേര്‍ ബോട്ടുമായി പിറകെനീങ്ങി. ബോട്ട് യാത്രയ്ക്കിടെ പല ദിവസവും ശക്തിയായ കാറ്റും കോളും ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് സൗത്ത് ഈസ്റ്റേണ്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഫാ. ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളായ 12 പേരും കൊച്ചിയിലെത്തിയിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.