വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ യശസ്‌വി ജയ്സ്വാളിന് ഡബിള്‍ സെഞ്ചുറി.

125

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തിലാണ് മുംബൈയുടെ കൗമാരതാരം പതിനേഴ് വയസുകാരന്‍ ഓപ്പണര്‍ യശസ്‌വി ജയ്സ്വാളിന് ഡബിള്‍ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത്.

154 പന്തുകള്‍ മാത്രം നേരിട്ട മുംബൈ ഓപ്പണര്‍ 17 ഫോറും 12 സിക്സും പറത്തി 203 റണ്‍സ് നേടി പുറത്തായി. അവസാന ഓവറിലെ നാലാം പന്തിലാണ് ജയ്സ്വാള്‍ വീണത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ജയ്സ്വാളിന്‍റെയും നായകന്‍ ആദിത്യ താരെയുടെയും (78) മികവില്‍ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 358 റണ്‍സ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ ജയ്സ്വാള്‍-താരെ സഖ്യം 200 റണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശ്രേയസ് അയ്യര്‍ 14 പന്തില്‍ 31 റണ്‍സോടെ പുറത്താകാതെ നിന്നു.

അയ്യര്‍ മൂന്ന് സിക്സും ഒരു ഫോറും നേടി.കഴിഞ്ഞ മത്സരത്തില്‍ കേരളത്തിനെതിരേ സെഞ്ചുറി നേടിയ ജയ്സ്വാള്‍ ഇന്നും മിന്നുന്ന ഫോമിലായിരുന്നു. കേരളത്തിനെതിരേ 112 റണ്‍സാണ് താരം നേടിയത്. ഡബിള്‍ സെഞ്ചുറി നേടിയെങ്കിലും ഗോവയ്ക്കെതിരേ സഞ്ജു സാംസണ്‍ കുറിച്ച 212 എന്ന റിക്കാര്‍ഡ് മറികടക്കാന്‍ ജയ്സ്വാളിന് കഴിഞ്ഞില്ല. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ജയ്സ്വാള്‍.

NO COMMENTS