തിരുവനന്തപുരം : എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ലെന്ന് എസ് പി യതീഷ് ചന്ദ്ര. ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. പലപ്പോഴും വിശ്വാസങ്ങളും നിലപാടുകളും മാറ്റിവെച്ചാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഏതൊരു കേസിലും ഒരു സമൂഹത്തിലെ പകുതി പേരെ മാത്രമേ പൊലീസിന് സംതൃപ്തിപ്പെടുത്താന്‍ കഴിയുകയുള്ളു. ഒരു വീട് ഒഴിപ്പിക്കുന്ന കേസില്‍ പകുതി പേര്‍ സന്തോഷിക്കുമ്ബോള്‍ വീട് നഷ്ടപ്പെട്ടവര്‍ ദുഖിതരാണ്.അത് പൊലീസ് സേനയുടെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്ബോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല. പ്രളയസമയത്ത് സ്വന്തം വീട്ടുകാരെ പോലും ഓര്‍ക്കാതെയാണ് പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു എസ് പി യതീഷ് ചന്ദ്ര.