ന്യൂഡല്‍ഹി• ബന്ധുനിയമന വിവാദത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. 14നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉചിതമായ തീരുമാനം ഉണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയരായ ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും കേന്ദ്രകമ്മിറ്റിയംഗങ്ങളാണ്. എന്നാല്‍ ഇ.പി.ജയരാജനെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് സൂചന.അതേസമയം, വിഷയത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നല്‍കി. വിവാദം സര്‍ക്കാരിന്റെ സല്‍പ്പേരിനു മങ്ങലേല്‍പ്പിച്ചെന്നു വ്യക്തമാക്കിയ ജോസഫൈന്‍ അഭിഭാഷകരുടെ നിയമനത്തിലും ജാഗ്രത കാണിച്ചില്ലെന്നു കുറ്റപ്പെടുത്തി.
ഈ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും പരാതിയില്‍ പറയുന്നു.ഹൈക്കോടതിയിലെ അഭിഭാഷക നിയമനം സംബന്ധിച്ച് ജോസഫൈന്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടു പരാതി അറിയിച്ചിരുന്നു.