സന• യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 140 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ സനയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ഹാളിനു നേരെയായിരുന്നു ആക്രമണം. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. സൗദി സഖ്യസേനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. അതേസമയം, സൗദി സഖ്യസേനയ്ക്ക് നല്‍കിവരുന്ന പിന്തുണ തുടരണമോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് യുഎസും പ്രതികരിച്ചു.യെമനിലെ ഹൂതി വിഭാഗത്തിന്റെ ആഭ്യന്തരമന്ത്രിയുടെ പിതാവിന്റെ അന്ത്യോപചാരച്ചടങ്ങ് നടക്കുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടായത്. തലസ്ഥാനമായ സനയില്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ കൂട്ടംചേര്‍ന്നു നില്‍ക്കുന്നതിനിടെയാണ് ആക്രമണം.ആക്രമണത്തില്‍ ചടങ്ങു നടന്ന ഹാള്‍ പൂര്‍ണമായും തകര്‍ന്നു. സമീപത്തെ നൂറുകണക്കിന് വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. സ്ഫോടനത്തിനു പിന്നാലെയുണ്ടായ അഗ്നിബാധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസമായി.
ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങളിലേറെയും. സനയിലെ ആശുപത്രികളെല്ലാം പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. റേഡിയോ സന്ദേശത്തിലൂടെ ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയാണ് ആശുപത്രികള്‍ ചികിത്സയ്ക്ക് സജ്ജമാക്കിയത്. ആക്രമണത്തിന് പിന്നില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. സൗദി സഖ്യനേസ നടത്തുന്ന വംശീയ കൂട്ടക്കുരുതിയെക്കുറിച്ച് രാജ്യാന്തരസമൂഹം നിലപാട് പ്രഖ്യാപിക്കണമെന്നും വിമതര്‍ ആവശ്യപ്പെട്ടു.
2014 ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തിന്മേലുള്ള അധികാരം നേടിയെടുക്കാന്‍ സര്‍ക്കാരും ഹൂതി വിമതരും സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ അയ്യായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍.