യെമനില്‍ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

204

ഏദന്‍: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ യെമനില്‍ 60 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ യെമനിലെ ഹൂതി വിമതരുടെ കീഴിലുള്ള ജയില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രങ്ങളിലാണ് വ്യോമാക്രമണം. വിമതരും വിമതര്‍ തടവിലാക്കിയവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹോദൈദയിലുള്ള വിമതകേന്ദ്രത്തിനുനേരേ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ജയിലില്‍ 84 പേര്‍ തടവുകാരായുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചു. മൃതദേഹങ്ങള്‍ നഗരത്തിലെ ആസ്പത്രിയിലേക്കുമാറ്റി. യെമന്‍ പ്രസിഡന്റ് അബ്ദ്റബ് മന്‍സൂര്‍ ഹാദിയെ പിന്തുണയ്ക്കുന്നവരും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം 2014-ലാണ് തുടങ്ങിയത്. 7000-ത്തിലേറെപ്പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന സമാധാനക്കരാര്‍ ഹാദി കഴിഞ്ഞദിവസം തള്ളിയിരുന്നു. വിമതരെ സഹായിക്കുകയും യെമനിലെ ജനങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്ന കരാറാണെന്ന് ഹാദി പറഞ്ഞു.

NO COMMENTS

LEAVE A REPLY