ദേശീയ പണിമുടക്കിൽ എസ്.ബി ഐ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ കസ്റ്റഡിയില്‍.

152

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിനു സമീപം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ കസ്റ്റഡിയില്‍. എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ അശോകന്‍,​ ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. നാല് പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവരില്‍ രണ്ട് പേരാണ് കസ്റ്റഡിയിലായത്.ഇവര്‍ രണ്ട് പേരും കീഴടങ്ങിയതെന്നാണ് സൂചന. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

കേസില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമിതി അംഗവും ജി.എസ്.ടി കമ്മിഷണറേറ്റില്‍ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗം ഇന്‍സ്‌പെക്ടറുമായ ഇ. സുരേഷ് ബാബു,​ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഡെപ്യൂട്ടി കമ്മിഷണറേറ്റ് ഓഫീസിലെ ക്ളാര്‍ക്കുമായ സുരേഷ് എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇരുവരും ഇതുവരെ കീഴടങ്ങിയിട്ടില്ല.ഇന്നലെ രാവിലെ പത്തേകാലോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. മാനേജര്‍ സന്തോഷ് കരുണാകരന്റെ മുറിയിലെത്തിയ ഇവര്‍ ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു.

35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികള്‍ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരില്‍ നാലു പേര്‍ മാത്രമാണ് പണിമുടക്കിയിരുന്നത്.

NO COMMENTS