തിരുവനന്തപുരം : യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗ പരിശീലനം നടക്കുന്നുണ്ട്. സർക്കാരിന്റെ വിവിധ സംവിധാനങ്ങൾക്കു പുറമെ നേരത്തെ തന്നെ നാട്ടിലുള്ള യോഗ കേന്ദ്രങ്ങളും അഭ്യസിപ്പിക്കുന്നു.
യോഗ സംബന്ധിച്ച് ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്. ഇത് മതപരമായ കാര്യമാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യോഗയുടെ ഭാഗമായുള്ള പരിശീലനം മതപരമായ ചടങ്ങുകളുമായി ബന്ധമുള്ളതല്ല. ജാതിമതഭേദമന്യേ എല്ലാവരും യോഗ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ്. യോഗ നല്ലൊരു വ്യായാമം കൂടിയാണ്. പണ്ടുകാലത്ത് എല്ലാ കുട്ടികളും നന്നായി ഓടിക്കളിച്ചിരുന്നു. ഇപ്പോൾ ചില തെറ്റിദ്ധാരണയുടെ ഭാഗമായി കുട്ടികൾ എപ്പോഴും പഠിക്കണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടുന്നു.
കുട്ടികളുടെ കുട്ടിത്തത്തിന് സൗകര്യം ലഭിക്കുന്നില്ലെന്നതാണ് ഇതിന്റെ ഫലം. യോഗ നമ്മുടെ ഭക്ഷണക്രമത്തേയും സ്വാധീനിക്കും. കുഞ്ഞുങ്ങളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരുണ്ട്. സ്‌കൂൾ പരിസരങ്ങളിൽ തന്നെ കുട്ടികളെ ലഹരിയുടെ വലയിലാക്കാൻ ഇവർ ശ്രമിക്കുന്നു. ഇത്തരം ദുഷിച്ച രീതികളെ പ്രതിരോധിക്കാനുള്ള മനസ് യോഗാഭ്യാസത്തിലൂടെ രൂപപ്പെടുത്താനാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമ്പൂർണ യോഗ കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന കാലത്ത് യോഗാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. എസ്. ശിവകുമാർ എം. എൽ. എ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, കൗൺസലർ എം. വി. ജയലക്ഷ്മി, ആയുഷ് ഡയറക്ടർ കേശവേന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം സമൂഹ യോഗ പരിശീലനവും നടന്നു.