ഗോരഖ്പൂര്‍: യു.പിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയില്‍ കുട്ടികള്‍ മരിച്ചുവീഴുന്നത് തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങളുടെ മരണം നടന്ന ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ആദിത്യനാഥ് ഇത് പറഞ്ഞത്.കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്.
മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ ആശുപത്രിക്ക് അകത്ത് ചെന്ന് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കണം. മാധ്യമങ്ങളെ തടയരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടമരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ആദിത്യനാഥ് അറിയിച്ചു. അവരുടെ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ എല്ലാവരും കാത്തിരിക്കാന്‍ തയാറാകണം. ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ട് യു.പിയില്‍ എവിടെയും മരണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജപ്പാന്‍ ജ്വരത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു. മുഖ്യമന്ത്രി ആയതിന് ശേഷവും ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു.കൂട്ടമരണം തടയാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ആദിത്യനാഥിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു