ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിൻ്റെ പൂർണ്ണ ഇത്തരവാദി യോഗി ആദിത്യ നാഥിൻ്റെ നേതൃതത്തിലുള്ള സംസ്ഥാന സർക്കാറാണന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുസ്ലീം ലീഗ്. സംസ്ഥാനത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ പോലും സർക്കാറിനായില്ല. സംഭവം മറച്ചുവെക്കാനാണ് അധികാരികൾ ശ്രമിച്ചത്.
ദലിതരേയും ന്യൂനപക്ഷങ്ങളേയും ഉപദ്രവിക്കുന്ന നയങ്ങളാണ് യോഗി ആദിത്യനാഥ് സർക്കാർ യുപിയിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഹത്രാസ് സംഭവത്തിൽ പോലീസ് ഇടപെട്ടത് ഇരയ്ക്ക് നീതിയുറപ്പാക്കാനല്ല കുറ്റവാളികളെ രക്ഷിക്കാനാണന്നത് ഞെട്ടിക്കുന്നതാണ്. പീഡനം നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. രക്ഷിതാക്കളെ അറിയിക്കാതെ, പങ്കെടുപ്പിക്കാതെ പെൺകുട്ടിയെ സംസ്ക്കരിക്കാനാണ് പോലീസ് ദൃതി കാട്ടിയത്.
ഇരയ്ക്ക് ജീവിത കാലത്ത് മാന്യമായ സുരക്ഷിത ജീവിതം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട പോലീസ് മരണശേഷം മാന്യമായ സംസ്കാരമെങ്കിലും ഉറപ്പാക്കണമായിരുന്നു. പ്രതികളെ രക്ഷിക്കാനായുള്ള ശ്രമം പുറത്തു കൊണ്ടുവരാൻ ജ്യുഡീഷ്യൽ അന്യേഷണം വേണമെന്നും മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, നവാസ്കനി എന്നിവർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും എംപിമാർ കത്തെഴുതിയിട്ടുണ്ട്.