പോര്‍ട്ടോ: പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. നെതര്‍ലന്‍ഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം ചൂടിയത്. മത്സരത്തിന്റെ 60 ആം മിനിറ്റില്‍ ഗോണ്‍സാലോ ഗുഡസാണ് വിജയ ഗോള്‍ നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പോര്‍ച്ചുഗലിനെ ഡച്ച് ഗോള്‍ കോപ്പീര്‍ ജസ്പെര്‍ സില്ലിസണ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ബാഴ്സിലോണ ഗോള്‍ കീപ്പര്‍ തടുത്തിട്ടത്.
പോര്‍ച്ചുഗല്‍ 18 തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഒറ്റ ഷോട്ട് മാത്രമാണ് സില്ലിസണെ കടന്നുപോയത്. അത് നെതര്‍ലന്‍ഡ്സിന്റെ കിരീട മോഹങ്ങളെ ഇല്ലാതാക്കുകയും ചെയ്തു.ബോക്സിലേക്ക് ഓടിക്കയറിയ ബെര്‍നാഡോ സില്‍വ പിന്നിലേക്ക് കട്ട് ചെയ്ത് നല്കിയ പന്ത് വലന്‍സിയ വിംഗര്‍ മനോഹരമായി പോസ്റ്റിന്റെ വലതുമൂലയെ ലക്ഷ്യമാക്കി നിറയൊഴിച്ചു. സില്ലിസണ് ചാടി നോക്കിയെങ്കിലും കൈയില്‍ തട്ടി പന്ത് ഗോള്‍വര കടന്നു. ഗോള്‍ മടക്കാന്‍ ഡച്ചുകാര്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.