തൃശ്ശൂര്‍: റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന മെത്തലിന്‍ ഡയോക്‌സി മെത്താം ഫെറ്റമിനു (എം.ഡി.എം.എ.) മായി മണ്ണുത്തിയില്‍ വരന്തരപ്പിള്ളി, വേലൂപ്പാടം കൊമ്പത്തു വീട്ടില്‍ ഷെഫി(23)യാണ് പിടിയിലായത്. പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് റേപ്പ് ഡ്രഗ് എന്ന പേര് ലഭിച്ചത്.
ബെംഗളൂരുവില്‍ പഠിക്കുന്ന പ്രതിയില്‍നിന്ന് രണ്ടുഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രണ്ടുഗ്രാം 120-ല്‍ അധികം ആളുകള്‍ക്ക് ഉപയോഗിക്കാം. മാര്‍ളി അങ്കിള്‍ എന്ന് വിളിക്കുന്ന നൈജീരിയക്കാരന്‍ ബെഞ്ചിമില്‍ ബ്രൂണോ ആണ് മൊത്തമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് ചോദ്യംചെയ്യലില്‍ അറിഞ്ഞു. ഗ്രാമിന് 5000 രൂപ നിരക്കിലാണ് ഇയാള്‍ വാങ്ങിയത്.മാരകമയക്കുമരുന്നായ റേപ്പ് ഡ്രഗിന്റെ ചെറിയ പരല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമണിക്കൂര്‍ മുതല്‍ ഒമ്ബതുമണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാവും. അതിനുശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മയില്ലാതാവും. ജ്യൂസില്‍ കലര്‍ത്തിയാല്‍ ഈ മയക്കുമരുന്നിന് രുചിവ്യത്യാസം ഉണ്ടാവാറില്ല. അളവില്‍ കൂടുതല്‍ ശരീരത്തില്‍ ചെന്നാല്‍ മരണം സംഭവിക്കാം.
ഒരാള്‍ക്ക് ഉപയോഗിക്കാനുള്ള അളവിന് 500 രൂപ ഈടാക്കാറുണ്ട്. നാട്ടിലേക്ക് വരുമ്പോൾ ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഒരു യുവാവിന്റെ സഹായത്തോടെ എക്‌സൈസ് ടീമംഗം പ്രതിയുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കയറിയാണ് നാട്ടിലേയ്ക്ക് വരുന്ന വിവരം മനസ്സിലാക്കിയത്. തൃശ്ശൂരില്‍ മൂന്നാംതവണയാണ് റേപ്പ് ഡ്രഗ് പിടിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍വെച്ച് ചാവക്കാട് സ്വദേശിയില്‍നിന്ന് 1.5 ഗ്രാമും 2017-ല്‍ അയ്യന്തോളില്‍നിന്ന് രണ്ടുഗ്രാമും പിടികൂടിയിരുന്നു.
തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട റേപ്പ് ഡ്രഗ് പിടിച്ചത്.