തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും. റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നന്നെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഎസ്സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് കവാടത്തിനു സമീപം പോലീസ് തടഞ്ഞു.
പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പിഎസ്സി ചെയര്‍മാനെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. മാര്‍ച്ചിന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത് ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്കി.
കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയത് വിവാദമായിരുന്നു. പട്ടികയിലെ രണ്ടാം റാങ്കുകാരന് പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.